സംവിധായകർ ഫ്ലാറ്റിലെത്തിയത് സിനിമയെ പറ്റി ചർച്ച ചെയ്യാൻ, സമീറിന്റെ മൊഴി വിശ്വസനീയമല്ല; അഞ്ചാമനായി അന്വേഷണം

Mail This Article
കൊച്ചി ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകർ ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റിൽ എത്തിയത് പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായി. എക്സൈസിന്റെ ചോദ്യം ചെയ്യലിലാണ് അടുത്ത ചിത്രത്തിന്റെ ചർച്ചകൾക്കായാണ് ഇരുവരും ഫ്ലാറ്റിൽ എത്തിയത് എന്ന് സമീർ താഹിർ വ്യക്തമാക്കിയത്. ഇരുവരും ലഹരി ഉപയോഗിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു സമീറിന്റെ മൊഴി. എന്നാൽ മൊഴി വിശ്വസനീയമല്ലാത്തതുകൊണ്ടാണ് സമീറിനെ കേസിൽ പ്രതി ചേർത്തതെന്ന് എക്സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്ലാറ്റ് സമീറിന്റെ പേരിലായതിനാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിയാനാകില്ലെന്നും എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. നേരത്തെ അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും അന്നു തന്നെ ജാമ്യം ലഭിച്ചിരുന്നു.
സമീർ താഹിറും ഖാലിദ് റഹ്മാനും നിർമിച്ച് അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥാ രചനയ്ക്കായാണ് ഇവർ ഒത്തുകൂടിയത് എന്നാണ് മൊഴി. ഉച്ച വരെ സമീറും ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നും ഉച്ചയോടെയാണ് സമീർ ഫ്ലാറ്റിൽ നിന്ന് പോയതെന്നാണ് തങ്ങൾ മനസിലാക്കിയതെന്നും എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. രാത്രി 11 മണിയോടെയാണ് എക്സൈസ് സംഘം ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ പരിശോധനയ്ക്ക് എത്തിയതും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരേയും സുഹൃത്തായ ഷാലിഫ് മുഹമ്മദ് നഹാസിനേയും അറസ്റ്റ് ചെയ്തതും.
സമീർ താഹിറിന്റെ അറിവോടെയാണോ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടന്നത് എന്നു തെളിഞ്ഞാൽ എൻഡിപിഎസ് ആക്ട് (25) വകുപ്പു പ്രകാരം കേസെടുക്കുമെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയ പ്രമുഖ ലഹരി വിതരണക്കാരനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇയാളുടെ നമ്പർ സംവിധായകരുടെ സുഹൃത്തിന് കൈമാറിയ കൊച്ചിയിലെ ഒരു പ്രമുഖ കുടുംബത്തിലെ അംഗത്തെ നേരത്തെ എക്സൈസ് ചോദ്യം ചെയ്തിരുന്നു. ഒരു ബാറില്‍ വച്ചാണ് ലഹരി ഇടപാടുകാരനെ പരിചയപ്പെട്ടതെന്നും അവിടെ വച്ചാണ് നമ്പർ ലഭിച്ചതെന്നും ഇയാൾ മൊഴി നൽകിയിരുന്നു. മറ്റൊരു ബാറിൽ വച്ചാണ് നഹാസിനെ പരിചയപ്പെട്ടതെന്നും തുടർന്ന് നമ്പർ കൈമാറുകയായിരുന്നു എന്നും മൊഴി നൽകിയതായി അറിയുന്നു. ഇയാളുടെ ഫോൺ രേഖകൾ അടക്കം പരിശോധിച്ചു വരികയാണെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി.
ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് എറണാകുളം തോപ്പുംപടി സ്വദേശിയായ ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് മലപ്പുറം പൊന്നാനി സ്വദേശിയായ അഷറഫ് ഹംസ. അറസ്റ്റിലായതിനു പിന്നാലെ ഇരുവരേയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സസ്പെൻഡ് ചെയ്തിരുന്നു.