ചോദ്യക്കടലാസ് ചോർച്ച: ഗ്രീൻവുഡ്സ് കോളജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കി കണ്ണൂർ സർവകലാശാല

Mail This Article
കണ്ണൂർ ∙ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം. ബിസിഎ ആറാം സെമസ്റ്റർ ചോദ്യക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം. സിൻഡിക്കേറ്റ് ഉപസമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കോളജിന് ഒന്നരലക്ഷം രൂപ പിഴ ചുമത്താനും തീരുമാനിച്ചു.
ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.അജീഷിനെ കഴിഞ്ഞ മാസം മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ 5 വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽനിന്ന് മാറ്റി നിർത്താനും തീരുമാനിച്ചു. സംഭവത്തില്‍ അജീഷിനെതിരേ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടു വരെയാണ് പരീക്ഷ നടന്നത്. സർവകലാശാലയുടെ സ്ക്വാഡ് പരിശോധനയിലാണ് ചോദ്യക്കടലാസ് ചോർന്നതായി കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അധ്യാപകരാണ് വാട്സാപ്പിലൂടെ ചോദ്യക്കടലാസ് ചോർത്തിയതെന്നും കണ്ടെത്തുകയായിരുന്നു.