ADVERTISEMENT

തിരുവനന്തപുരം∙ പട്ടാപ്പകല്‍ സ്‌കൂട്ടറില്‍ പോകവേ നടുറോഡില്‍ നിന്ന് ‘അപ്രത്യക്ഷനായ’ മോഹനന്‍ മടങ്ങിവരും എന്ന പ്രതീക്ഷയിലുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് അഞ്ചു വര്‍ഷം. ഇത്രയും വര്‍ഷവും പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും മോഹനനെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മോഹനന്റെ കുടുംബം മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ക്രൈംബ്രാഞ്ച് കുടുംബത്തിന്റെ രക്തസാംപിള്‍ ഉള്‍പ്പെടെ ശേഖരിച്ചു പരിശോധിച്ചിട്ടും ഒരു തുമ്പുമില്ല, മോഹനൻ ഇപ്പോഴും കാണാമറയത്തു തന്നെ. അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് ക്രൈംബ്രാഞ്ചില്‍നിന്നുള്ള അറിയിപ്പെന്നും പ്രതീക്ഷയോടെ കാത്തിരിപ്പു തുടരുകയാണെന്നും മോഹനന്റെ കുടുംബം പറഞ്ഞു.  സംശയാസ്പദമായ ചില സ്ഥലങ്ങളില്‍നിന്നു കിട്ടിയ രക്തസാംപിളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മൈറ്റോ കോണ്‍ട്രിയല്‍ ഡിഎന്‍എ പരിശോധന നടത്തിയതിന്റെ ഫലം ലഭിച്ചിരുന്നുവെന്നും മോഹനന്റെ തിരോധാനത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമം തുടരുകയാണെന്നും കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി.മധുസൂദനന്‍ പറഞ്ഞു. 

2020 മേയ് എട്ടിന് കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍ 50 പവന്‍ സ്വര്‍ണവും 62,000 രൂപയുമായി ആര്യനാട് ഉഴമലയ്ക്കല്‍ കുളപ്പട സുവര്‍ണ നഗര്‍ ഏഥന്‍സില്‍ കെ.മോഹനനെ (58) കാണാതായത്. ഭാര്യയുടെ സഹോദരന്‍ നടത്തുന്ന ധനകാര്യസ്ഥാപനത്തിലാണ് 13 വര്‍ഷമായി മോഹനന്‍ ജോലി ചെയ്തിരുന്നത്. ഇവിടെ കൊണ്ടുവരുന്ന ആഭരണങ്ങളെല്ലാം പണയം വച്ചിരുന്നത് പേരൂര്‍ക്കട സർവീസ് സഹകരണ ബാങ്കിലാണ്. സ്വര്‍ണം പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍ കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും വര്‍ഷങ്ങളായി മോഹനനാണ്. പതിവുപോലെ മേയ് 8ന് ബാങ്കില്‍ പോയി തിരികെ ആര്യനാട്ടേക്കു വരുന്നതിനിടയിലാണ് വാഹനവുമായി അപ്രത്യക്ഷനാകുന്നത്. 

മോഹനന്‍ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് സ്ഥാപന ഉടമ വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്യനാട് പൊലീസാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. മോഹനന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനന്‍ എത്തിയതായി തെളിവ് ലഭിച്ചു. പക്ഷേ പിന്നെ സ്‌കൂട്ടറുമില്ല, മോഹനനുമില്ല. ഒരു തെളിവും കിട്ടിയുമില്ല. പട്ടാപ്പകല്‍ നടുറോഡിലൂടെ സ്‌കൂട്ടറില്‍ പോയ ആളെ കാണാതായി 5 വര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ത്തപ്പുകയാണ് ക്രൈംബ്രാഞ്ച്. മോഹനനോട് ആര്‍ക്കെങ്കിലും ശത്രുത ഉള്ളതായോ എന്തെങ്കിലും തരത്തില്‍ മോഹനന് സാമ്പത്തിക ബാധ്യത ഉള്ളതായോ അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ലോക്ഡൗണ്‍ കാലമായിരുന്നതിനാല്‍ ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണത്തിന്റെ അളവ് കുറവായിരുന്നു. മുന്‍പ് ഇതിനേക്കാള്‍ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

ഫോണും പൊലീസിനെ ചതിച്ചു

മിക്ക കേസുകളിലും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനെ തുണയ്ക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. ഈ കേസില്‍ ഫോണും പൊലീസിനെ സഹായിച്ചില്ല. ഒരു സാധാരണ ഫോണാണ് മോഹനന്‍ ഉപയോഗിച്ചിരുന്നത്. ഫോണിലേക്കു വിളിച്ച അഞ്ഞൂറിലധികം നമ്പരുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും കേസിനു സഹായകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവ ദിവസം പണമിടപാട് സ്ഥാപനത്തില്‍നിന്ന് 2 തവണ കോള്‍ വന്നതൊഴിച്ചാല്‍ മറ്റു കോളുകള്‍ ഉണ്ടായിരുന്നില്ല. മൊബൈല്‍ രേഖകള്‍ തുടക്കത്തില്‍തന്നെ പരിശോധിച്ചെങ്കിലും സഹായകരമായി ഒന്നും ലഭിച്ചില്ല. കരകുളം മേഖലയിലെ ടവറുകളില്‍നിന്ന് ആ സമയം പോയ കോളുകള്‍ സംബന്ധിച്ചും അന്വേഷണം നടന്നു. കരകുളത്തെ കടയിലെ സിസിടിവിയില്‍ മോഹനന്‍ സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യമുണ്ട്. എന്നാല്‍ പോകുന്ന വഴിയില്‍ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഹനനില്ല. ഈ ഭാഗങ്ങളില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ പല കടകളുടെയും സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല.

ലോക്കല്‍ പൊലീസും റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കുടുംബം പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കരകുളം, ഏണിക്കര ഭാഗത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഫയര്‍ഫോഴ്സിന്റെ സ്‌കൂബ സംഘം കരകുളം പാലത്തിന് അടിയില്‍നിന്ന് 200 മീറ്റര്‍ അകലെ ബണ്ടിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഹനനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ബന്ധുക്കള്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ആറാം കല്ല് വരെ മോഹനന്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായെങ്കിലും പിന്നെ എങ്ങോട്ട് പോയി എന്ന കാര്യത്തില്‍, അന്വേഷണം തുടങ്ങി 5 വര്‍ഷം പിന്നിട്ടിട്ടും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വലിയ കണ്ടെയ്‌നറില്‍ തട്ടിക്കൊണ്ടുപോയതോ?

 വര്‍ഷങ്ങളായുള്ള മോഹനന്റെ പതിവാണ് ബാങ്കിലേക്കും തിരിച്ചുമുള്ള യാത്ര ആയതിനാല്‍ കവര്‍ച്ചാസാധ്യതയും പൊലീസ് അന്വേഷിച്ചിരുന്നു. സ്‌കൂട്ടര്‍ അടക്കം അപ്രത്യക്ഷമായതിന്റെയും ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താനാവാത്തതിന്റെയും ദുരൂഹത ബാക്കിയാണ്. കെഎല്‍21പി 2105 സ്‌കൂട്ടറില്‍ ആയിരുന്നു മോഹനന്റെ യാത്ര. കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളില്‍ 11.02ന് മോഹനന്‍ സ്‌കൂട്ടറില്‍ കടന്നുപോയതായി കാണുന്നുണ്ട്. തെങ്കാശിയിലേക്കു പോകുന്ന പ്രധാന റോഡില്‍നിന്ന് ആളെ തട്ടിക്കൊണ്ടുപോകുന്നത് എളുപ്പമല്ലെന്ന് പൊലീസ് പറയുന്നു. ബാങ്കില്‍നിന്ന് ഇറങ്ങിയ മോഹനനെ ഏതെങ്കിലും വാഹനങ്ങള്‍ പിന്തുടര്‍ന്നിരുന്നോ എന്നതും അന്വേഷിച്ചിരുന്നു. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കരകുളം പാലം വഴി നേരേ പോയാല്‍ നെടുമങ്ങാട് എത്താം. ഈ വഴി പൊലിസ് വിശദമായ പരിശോധന നടത്തി, ഒന്നും കണ്ടെത്തിയില്ല. മറ്റൊരു ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടുത്തെ കക്കൂസ് മാലിന്യം വരെ നീക്കം ചെയ്ത് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. സിസിടിവിയില്‍ മോഹനന്റെ സ്‌കൂട്ടറിനു പിന്നാലെ വന്ന ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഹനനന്റെ വാഹനം മുന്നില്‍പോയതായി ഓര്‍ക്കുന്നുണ്ടെന്നും കടയില്‍ കയറിയതിനാല്‍ വാഹനത്തെ പിന്നീട് കണ്ടില്ലെന്നുമാണ് ഓട്ടോക്കാരന്റെ മൊഴി.

മോഹനൻ സ്കൂട്ടറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യം.
മോഹനൻ സ്കൂട്ടറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യം.

ലോക്ഡൗണ്‍ സമയത്ത് യാത്രാ നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ ജില്ല വിട്ടു പോകാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മോഹനനെ തട്ടികൊണ്ടുപോയെങ്കില്‍ പണം ആവശ്യപ്പെട്ട് ആരെങ്കിലും ബന്ധപ്പെടണം, അതും ഉണ്ടായില്ല. വലിയ കണ്ടെയ്‌നര്‍ ലോറിയില്‍ സ്‌കൂട്ടര്‍ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തില്‍ ആ വഴിക്കും പൊലീസ് നീങ്ങി. എന്നാല്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ വാഹനപരിശോധന ഉണ്ടായിരുന്നതിനാല്‍ അത്തരം നീക്കമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

അഥവാ തട്ടിക്കൊണ്ടു പോയതാകാമെങ്കില്‍ സ്‌കൂട്ടര്‍ ഉള്‍പ്പെടെ എങ്ങനെ ആരുടെയും കണ്ണില്‍പ്പെടാതെ കൊണ്ടുപോയി എന്ന ചോദ്യം പൊലിസിനെയെും കുഴപ്പിച്ചു. അഥവാ ആള്‍ കൊല്ലപ്പെട്ടെങ്കില്‍ മൃതദേഹം എവിടെനിന്നെങ്കിലും കണ്ടെത്തണം. പല അജ്ഞാത മൃതദേഹങ്ങളും പരിശോധിച്ചെങ്കിലും മോഹനന്റേതായിരുന്നില്ല. തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി. ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളെയും ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. റോഡില്‍ പിടിവലി നടന്നതായി ഒരാളുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുമുണ്ടായിരുന്നില്ല.

സ്വര്‍ണ ക്വട്ടേഷന്‍ സംഘത്തിലേക്കും അന്വേഷണം

 മോഹനന്റെ തിരോധാനത്തിനു പിന്നില്‍ സ്വര്‍ണം തട്ടുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടല്‍ ഉണ്ടെന്ന സംശയത്തില്‍ ആ വഴിക്കും ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. സംഘത്തിലെ പലരുടെയും മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ക്ക് ഈ സംഭവത്തിന് ശേഷമുണ്ടായ വരുമാനവര്‍ധനവ് ക്രൈംബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. സ്വര്‍ണ ഇടപാട് നടത്തുന്ന ഒരാളുടെ വീട്ടില്‍ പരിശോധന നടത്തി ഫോറന്‍സിക് സാംപിളുകള്‍ ശേഖരിച്ചിരുന്നു. രക്തക്കറ ഉള്‍പ്പെടെ കിട്ടിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയപരിശോധനകള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ മോഹനനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പൊലീസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആരും വിവരങ്ങള്‍ പങ്കുവച്ചില്ല. ധ്യാന കേന്ദ്രങ്ങളിലും പള്ളികളിലുമെല്ലാം പൊലീസ് മോഹനനെ തിരഞ്ഞു. തൃശൂരിലെ ധ്യാനകേന്ദ്രങ്ങളിലെത്തി നോട്ടിസ് ഒട്ടിച്ച് മടങ്ങി. അഞ്ചു വര്‍ഷം പിന്നിടുമ്പോഴും പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും വട്ടംചുറ്റിച്ച് തലവേദനയായി തുടരുകയാണ് മോഹനന്റെ തിരോധാനം. ഒരു സുപ്രഭാത്തില്‍ കണ്‍മുന്നില്‍നിന്ന് ഒരു മിന്നായം പോലെ മറഞ്ഞ മോഹനന്‍ കണാമറയത്ത് എവിടെയോ ഉണ്ടെന്നും ഒരുനാള്‍ തിരിച്ചെത്തുമെന്നുമുളള പ്രതീക്ഷയില്‍ കാത്തിരിപ്പിലാണ് കുടുംബം. 

കാണാതായ ദിവസം മോഹനന്റെ യാത്ര:

∙ 7.50ന് കെഎല്‍ 21 പി 2105 സ്‌കൂട്ടറില്‍ വീട്ടില്‍നിന്നു ഇറങ്ങി
∙ 8.30ന് പേരൂര്‍ക്കട ബാങ്കിലേക്ക് (പ്രഭാത ശാഖ)
∙ 10.50ന് ബാങ്കില്‍നിന്ന് ഇറങ്ങി (ഇതിനിടെ സ്വര്‍ണം പണയം വയ്ക്കുകയും പഴയ സ്വര്‍ണം തിരികെ എടുക്കുകയും ചെയ്തു. കയ്യില്‍ 62,000രൂപയും)
∙ ബാങ്കിന് അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മരുന്നുകള്‍ വാങ്ങിയശേഷം മടങ്ങുന്നു
∙ 11.09ന് കരകുളത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വരെ മോഹനന്റെ യാത്ര വ്യക്തം

English Summary:

Mohanan's Missing Case: Despite extensive police investigation, including the Crime Branch, his whereabouts and the circumstances surrounding his vanishing remain unknown.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com