യുഎൻ യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ; വിദ്യാർഥിയെ കാറിടിപ്പിച്ച് കൊന്ന പ്രതിക്ക് ജീവപര്യന്തം – പ്രധാന വാർത്തകൾ

Mail This Article
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്നലെ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതി യോഗത്തിൽ പാക്കിസ്ഥാൻ കടുത്ത ചോദ്യങ്ങൾ നേരിട്ടെന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതും ദേവികുളം ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതുമാണ് മറ്റു പ്രധാന വാർത്തകൾ.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കെ ഇന്നലെ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ. യോഗത്തിൽ പാക്കിസ്ഥാൻ കടുത്ത ചോദ്യങ്ങൾ നേരിട്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷ സമിതി തള്ളി. ആണവഭീഷണി മുഴക്കിയതിനെയും മിസൈൽ പരീക്ഷണത്തെയും സുരക്ഷ സമിതി വിമർശിച്ചു.
കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന്‍ മനഃപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പിഴത്തുക ആദിശേഖറിന്റെ മാതാപിതാക്കൾക്ക് നൽകണം.
ദേവികുളം ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം.
മനസ്സിലും മാനത്തും കാഴ്ചകൾ നിറച്ച് തൃശൂർ പൂരം. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ തെക്കോട്ടിറക്കം പൂർത്തീകരിച്ചതോടെയാണ് കുടമാറ്റം തുടങ്ങിയത്. വ്യത്യസ്തമായ കുടകൾ ഉയർത്തി പാറമേക്കാവും തിരുവമ്പാടിയും പൂരപ്രേമികൾക്ക് കാഴ്ചാവസന്തം തീർത്തു.
വേടന്റെ വിവാദ ശരങ്ങളേറ്റ് റേഞ്ച് ഓഫിസര്‍ തെറിച്ചു. റാപ് ഗായകന്‍ വേടനെ (ഹിരണ്‍ദാസ് മുരളി) പുലിപ്പല്ലുമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍.അതീഷിനെ സ്ഥലം മാറ്റാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടു. ആർ.അധീഷിനെ മലയാറ്റൂർ ഡിവിഷനു പുറത്തേക്കാണ് സ്ഥലം മാറ്റിയത്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കിയതിനാണ് ഉദ്യോഗസ്ഥൻ നടപടി നേരിട്ടിരിക്കുന്നത്.