ബിഗ്സ്ക്രീനിൽ തെളിഞ്ഞത് 3 പതിറ്റാണ്ടിന്റെ ക്രൂരത; ഭീകര ക്യാംപുകളിൽ ‘ജംഗിൾ സർവൈവൽ’ വരെ; ഓപറേഷൻ സിന്ദൂർ സമ്പൂർണചിത്രം

Mail This Article
‘പാക്കിസ്ഥാന്റെ ഭീകരക്യാംപുകൾ മാത്രമായിരുന്നു ഓപറേഷൻ സിന്ദൂറിന്റെ ലക്ഷ്യം. അതിർത്തി കടന്ന് അവർ ഇന്ത്യയിലേക്ക് വരരുത് എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് പാക്കിസ്ഥാനു കീഴിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്’– പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും പറഞ്ഞത് ഇങ്ങനെയാണ്. വാർത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ട ചിത്രങ്ങളിലും വിഡിയോകളിലും ഇതു വ്യക്തമാണ്.
ഏതെങ്കിലും തരത്തിൽ ഇന്ത്യയിൽ ഭീകരത വിതയ്ക്കാൻ ശ്രമിച്ച സംഘടനകളുടെ താവളങ്ങൾ തേടിപ്പിടിച്ചായിരുന്നു ആക്രമണം. പാക്ക് സൈനിക കേന്ദ്രങ്ങളെയെല്ലാം ഒഴിവാക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിന് മുന്നോടിയായി, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യ നേരിട്ട ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ ബിഗ് സ്ക്രീനിൽ തെളിയിച്ചതും ഇതേ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു. എവിടെയൊക്കെയാണ് ഇന്ത്യയുടെ കര–നാവിക–വ്യോമ സേനകൾ സംയുക്തമായി ആക്രമണം അഴിച്ചുവിട്ടത്?
ആകെ 9 ഭീകരകേന്ദ്രങ്ങൾ തകർത്തെന്നാണ് ഇന്ത്യൻ സേന അറിയിച്ചത്. ഇതിൽ പാക്ക് അധിനിവേശ ജമ്മു കശ്മീരിലെ അഞ്ച് ക്യാംപുകളും പാക്കിസ്ഥാനിലെ നാലു ഭീകര ക്യാംപുകളും ഉൾപ്പെടും. പഹൽഗാം ആക്രമണത്തിന് ഭീകരർക്ക് പരിശീലനം ലഭിച്ച മുസഫറാബാദ് സവായി നാല ക്യാംപ് മുതൽ ഇന്ത്യ–പാക്ക് രാജ്യാന്തര അതിർത്തിയിൽനിന്ന് 100 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഭവൽപുരിലെ ക്യാംപ് വരെ ഇന്ത്യൻ ആക്രമണത്തിന്റെ ചൂടറിഞ്ഞു. ജയ്‌ഷെ തലവൻ മസൂദ് അസ്‌ഹറിന്റെ താവളമാണിവിടം. എന്തുകൊണ്ടാണ് ഈ ക്യാംപുകൾ തിരഞ്ഞുപിടിച്ച് ഇന്ത്യ ആക്രമണം നടത്തിയത്? പാക്കിസ്ഥാന്റെ ഈ ഭീകര താവളങ്ങൾ എവിടെയൊക്കെയാണ് സ്ഥിതി ചെയ്യുന്നത്? വിശദമായി അറിയാം ഗ്രാഫിക്സിലൂടെ.












