ഡ്രോൺ ആക്രമണം തുടർന്ന് പാക്കിസ്ഥാൻ; തകർത്ത് ഇന്ത്യ; 32 വിമാനത്താവളങ്ങൾ അടച്ചു

Mail This Article
ന്യൂഡൽഹി∙ ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകൾ രാജ്യത്ത് 26 ഇടങ്ങളിൽ കണ്ടെത്തിയതായി വിവരം. വടക്ക് ബാരാമുള്ള മുതൽ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകൾ കണ്ടെത്തിയത്. രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത ഡ്രോൺ ആക്രമണങ്ങൾക്കു പിന്നാലെയാണ് വീണ്ടും പാക്ക് പ്രകോപനം.
അതിനിടെ ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് സ്ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്.. ഇവിടെ ഡ്രോണുകള്‍ കണ്ടെത്തിയതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ പലതവണ വെടിവയ്പ്പും നടത്തി. പഞ്ചാബിലെ ഫിറോസ്പുരിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജനവാസമേഖലയിൽ ഒരു ഡ്രോൺ പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 3 പേർക്ക് പരുക്കേറ്റതായാണു വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർച്ചയായി മൂന്നാം ദിവസവും പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നതിനിടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതിനു മുൻപ് മൂന്നു സേനാ മേധാവികളെയും ചീഫ് ഓഫ് ഇന്ത്യൻ സ്റ്റാഫ് അനിൽ ചൗഹാനെയും പ്രധാനമന്ത്രി കണ്ടിരുന്നു.
രാജ്യത്തിന്റെ പരമാധികാരവും തദ്ദേശീയ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ഏതു തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സേനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
അതേസമയം, പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ കാമാഹി ദേവി ഗ്രാമത്തിനടുത്തുള്ള വയലുകളിൽനിന്ന് മിസൈലിന്റെ ഭാഗങ്ങളോട് സാമ്യമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ലോഹ അവശിഷ്ടങ്ങൾ വ്യാഴാഴ്ച വൈകിട്ടാണ് കണ്ടെത്തിയതെന്നും മിസൈലിന്റെ അവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഹോഷിയാർപുർ പൊലീസ് സൂപ്രണ്ട് മുകേഷ് കുമാർ പറഞ്ഞു. വ്യോമസേന സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം അവശിഷ്ടങ്ങൾ ശേഖരിച്ചു.
ജമ്മുവിലെ സാംബ ജില്ലയിൽ ഏഴു ഭീകരരെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12 ഓളം പേർ സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ് വിവരം, ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജമ്മു, പഠാൻകോട്ട്, ഉദംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമമവും. അതിനിടെ, ചണ്ഡിഗഡിലും അംബാലയിലും അപായ സൈറൺ മുഴങ്ങി.
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയതിനു പിന്നാലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം പാക്ക് സൈന്യം വെടിവയ്പ് പുനഃരാരംഭിച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ്‍വാര, ഉറി മേഖലകളിലാണ് ഇന്നു പുലർച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്പ് നടത്തിയത്. ഇതിനു ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകുന്നത്. ഉറിയിലെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. ഇതോടെ പാക്ക് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സംഘർഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാ മേധാവിയുമായും മൂന്നു സേനാ മേധാവിമാരുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇതിനുശേഷം പ്രധാനമന്ത്രി, രാഷ്ട്രപതിയെ കണ്ടേക്കും.
ഇന്നലെ രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മിസൈൽ–ഡ്രോൺ ആക്രമണം അഴിച്ചുവിട്ട പാക്കിസ്ഥാന് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്. ജമ്മു വിമാനത്താവളത്തിനു സമീപം ഒരു ഡ്രോണും യൂണിവേഴ്സിറ്റിക്കും സമീപം രണ്ടു ഡ്രോണുകളും തകർത്തു. എട്ടു മിസൈലുകളെയും നിഷ്പ്രഭമാക്കി. പഠാൻകോട്ട്, ജയ്സൽമേർ എന്നിവടങ്ങളിലും ഡ്രോൺ ആക്രമണശ്രമമുണ്ടായി. ജമ്മു, പഠാൻകോട്ട്, ഉധംപുർ സൈനിക കേന്ദ്രങ്ങൾക്കു നേരെ മിസൈൽ ആക്രമണശ്രമമുണ്ടായി.
പഞ്ചാബിലെ പഠാൻകോട്ടും രാജസ്ഥാനിലെ ജയ്സൽമേറിലും അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 ജെഎഫ്17 പോർവിമാനങ്ങൾ വെടിവച്ചിട്ടെന്നും ജയ്സൽമേറിൽ പാക്ക് പൈലറ്റിനെ പിടികൂടിയെന്നും വിവരമുണ്ട്. എന്നാൽ സൈന്യം ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും പഞ്ചാബിലെ പഠാൻകോട്ട്, അമൃത്‌സർ, മൊഹാലി, ഗുർദാസ്‌പുർ ജില്ലകളിലും ചണ്ഡിഗഡിലും പല തവണ വൈദ്യുതി വിച്ഛേദിച്ച് സമ്പൂർണ ബ്ലാക്ക്ഔട്ട് നടപ്പാക്കി. പഞ്ചാബിലെ ആറ്‍ അതിർത്തി ജില്ലകളിൽ സക്ൂളുകൾ അടച്ചു. രാജ്യത്താകെ 24 വിമാനത്താവളങ്ങൾ അടച്ചു.
ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽനിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങൾ നടന്നതായാണു വിവരം. ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാനിൽ സൈനിക മേധാവി അസിം മുനീറിനെ മാറ്റാൻ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറൽ ഷംഷാദ് മിർസയെ ഷഹബാസ് ഷരീഫ് സർക്കാർ പരിഗണിക്കുന്നുവെന്നാണ് വിവരം. വ്യക്തിപരമായ നേട്ടങ്ങൾക്കായി അസിം മുനീർ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനിൽ വിമർശനമുയർന്നിരുന്നു ഈ സാഹചര്യത്തിൽ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക്ക് സർക്കാർ നീക്കം. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.