ADVERTISEMENT

മലപ്പുറം ∙ ജില്ലയിൽ നിപ്പ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രോഗലക്ഷണങ്ങളുള്ള ആറുപേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ചെറിയ രോഗലക്ഷണങ്ങളുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ആശുപത്രിയിലുള്ള എറണാകുളം സ്വദേശിയായ സ്റ്റാഫ് നഴ്സും ഐസലേഷനിലുണ്ട്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

നിരീക്ഷണത്തിൽ കഴിയുന്നവരിൽ 12 പേർ അടുത്ത കുടുംബാംഗങ്ങളാണ്. ഇവരടക്കം ഹൈ റിസ്ക് വിഭാഗത്തിൽ 45 പേരുണ്ട്. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മൂന്നുപേർ, വളാഞ്ചേരിയിലെ ഡോക്ടറുടെ ക്ലിനിക്കിൽ ഒരാൾ, പെരിന്തൽമണ്ണ ആശുപത്രിയിൽ 25 പേർ, രണ്ടു ലാബുകളിലായി രണ്ടുപേർ, ഒരു മെഡിക്കൽ ഷോപ്പിലെ രണ്ട് പേർ എന്നിങ്ങനെ ആകെ 45 പേരാണ് ഈ പട്ടികയിൽ. ലോ റിസ്ക് വിഭാഗത്തിൽ നാല് പേരും നിരീക്ഷണത്തിലുണ്ട്. 

ആരോഗ്യവകുപ്പിനോട് വിവരങ്ങൾ പങ്കുവയ്ക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമം, പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം ജില്ലാ കലക്ടർ, ഡിഎംഒ എന്നിവർ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. രോഗിയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും മന്ത്രി പറഞ്ഞു. 

നിപ്പ സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത വീട്ടിൽ ചത്ത പൂച്ചയെ പോസ്റ്റ്മോർട്ടത്തിനു ശേഷം സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് നിപ്പ ആന്റിബോഡി ഉണ്ടോ എന്ന് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമലതപ്പെടുത്തി. രോഗനിയന്ത്രണ നടപടികൾ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആൾ കൂടുന്നയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. രോഗിയുടെ ബന്ധുക്കളുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ ‌റൂട്ട് മാപ്പും ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. രോഗി ഏപ്രിൽ 25ന് ശേഷം യാത്ര ചെയ്തയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കും. ജില്ലയിൽ കോട്ടക്കുന്നിൽ നടന്നു വരുന്ന സംസ്ഥാന സർക്കാരിന്റെ ‘എന്റെ കേരളം’ പരിപാടി കർശനമായ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനകം തുടങ്ങിയ പരിപാടി ആയതു കൊണ്ടാണ് തുടരുന്നത്. 

അതേസമയം, മേയ് 12 ന് നടത്തേണ്ട മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി, 10 ന് കായിക മന്ത്രിയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര ഉൾപ്പെടെ സർക്കാരിന്റെ പൊതുപരിപാടികൾ എല്ലാം മാറ്റി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചയിടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

English Summary:

Nipah virus cases in Kerala prompt urgent action. Health officials are monitoring 49 contacts and conducting tests as preventive measures are implemented across affected areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com