ഓപ്പറേഷൻ സിന്ദൂർ ജനങ്ങളിലെത്തിക്കാൻ ബിജെപിയുടെ ‘തിരംഗ യാത്ര’; കേന്ദ്രമന്ത്രിമാരും പങ്കെടുക്കും

Mail This Article
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ജനങ്ങളിലെത്തിക്കാനായി രാജ്യവ്യാപകമായി യാത്രയ്ക്കൊരുങ്ങി ബിജെപി. തിരംഗ യാത്ര എന്ന പേരിലാണ് റാലി. മേയ് 13 മുതൽ 23 വരെ 11 ദിവസത്തേക്കാണ് യാത്ര. ജനങ്ങളിൽ ഐക്യവും ദേശസ്നേഹവും വളർത്തുക, ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യങ്ങൾ. മുതിർന്ന പാർട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് വിവിധ പ്രദേശങ്ങളിൽ റാലി നടത്തുന്നത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് , മന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ ജെ.പി.നഡ്ഡ എന്നിവരുൾപ്പെടെയുള്ള ഉന്നത പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനായി ജെ.പി.നഡ്ഡ ഇന്ന് (തിങ്കളാഴ്ച) പാർട്ടി ജനറൽ സെക്രട്ടറിമാരായ തരുൺ ചുഗ്, വിനോദ് തവ്‌ഡെ, ദുഷ്യന്ത് ഗൗതം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് രാജ്യവ്യാപകമായി നടത്തുന്ന യാത്രയുടെ വിവരങ്ങൾ തീരുമാനിച്ചത്.