വീണ്ടും പാക്ക് പ്രകോപനം; സാംബയിൽ ഡ്രോൺ ആക്രമണശ്രമം തകർത്ത് ഇന്ത്യ, അമൃത്സറിലും ബ്ലാക്ക് ഔട്ട്

Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം. ജമ്മുവിലെ സാംബ മേഖലയിൽ വീണ്ടും ഡ്രോൺ ആക്രമണം. സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യംവച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതിർത്തി കടന്നെത്തിയ ഡ്രോണുകളെ ഇന്ത്യൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. അതിനുശേഷം പിന്നീടു ഡ്രോണുകൾ എത്തിയിട്ടില്ലെന്നാണ് സൈന്യം നൽകുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം വ്യക്തമാക്കി. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ ദൗസ്യ, മുഖേരിയാൻ മേഖലകളിൽ വീടുകളിലെ ലൈറ്റ് അണച്ച് ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചത് മുൻകരുതൽ എന്ന നിലയിലാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി.
പഞ്ചാബിലെ ചിലയിടങ്ങളിൽ ഡ്രോൺ സാന്നിധ്യം ഉണ്ടായിരുന്നെന്നും അമൃത്‌സറിൽ സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആക്രമണം നടന്നതായി വിവരമില്ല. സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംഘർഷത്തിനുപിന്നാലെ അടച്ചതിനുശേഷം, ഇന്നലെ ഉച്ചയ്ക്കു തുറന്ന അമൃത്‌സർ വിമാനത്താവളത്തിൽ ഡൽഹിയിൽനിന്നെത്തിയ ആദ്യ സർവീസ് ‘ബ്ലാക്ക് ഔട്ടി’നെത്തുടർന്ന് ഇറക്കാനായില്ല. വൈകിട്ട് 8നു ഡൽഹിയിൽനിന്നുപോയ ഇൻഡിഗോ വിമാനമാണ് 9.26ന് ഡൽഹിയിൽത്തന്നെ തിരിച്ചിറക്കിയത്. കഴിഞ്ഞദിവസം അടച്ച 32 വിമാനത്താവളങ്ങൾ യാത്രാവിമാനങ്ങൾക്കായി ഇന്നലെയാണു തുറന്നത്. സേവനം സാധാരണനിലയിലാകാൻ ഏതാനും ദിവസംകൂടി വേണ്ടിവരുമെന്നു വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ട്.