നൂർ ഖാൻ മുതൽ ആരിഫ്‌വാല വരെ; ആക്രമണത്തിനായി ഇന്ത്യ തിരഞ്ഞെടുത്തത് ഈ 9 പാക്ക് വ്യോമതാവളങ്ങൾ, എന്തുകൊണ്ട്?

Mail This Article
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെ 9 വ്യോമതാവളങ്ങളിൽ ആക്രമണം നടത്തിയതായി ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. നൂർ ഖാൻ (ചക്‌ലാല), റഹിംയാർ ഖാൻ, ഭോലാരി, സർഗോധ, ചുനിയൻ, ജക്കോബാബാദ്, പസ്‌രൂർ, സുക്കൂർ, ആരിഫ്‌വാല എന്നിവിടങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്തുകൊണ്ടാണ് ആക്രമണത്തിനായി ഇന്ത്യ ഈ വ്യോമതാവളങ്ങൾ തിരഞ്ഞെടുത്തത്? എന്തൊക്കെയാണ് ഇവയുടെ പ്രത്യേകതകൾ ?
∙ നൂർ ഖാൻ
പാക്ക് പഞ്ചാബ് പ്രവിശ്യയിൽ റാവൽപിണ്ടിയുടെ പ്രാന്തപ്രദേശമായ ചക്‌ലാലയിലാണ് നൂർ ഖാൻ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽനിന്ന് വെറും 10 കിലോമീറ്റർ മാത്രം അകലെ. ചക്‌ലാല എന്ന പേരിലാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് നിർമിച്ച ഈ വ്യോമതാവളം രണ്ടാം ലോകയുദ്ധകാലത്ത് പാരച്യൂട്ട് പരിശീലനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് പാക്കിസ്ഥാന്റെ പ്രധാന ഗതാഗത, ലോജിസ്റ്റിക്സ്, സൈനിക കേന്ദ്രമായി നൂർ ഖാൻ മാറി. പാക്കിസ്ഥാന്റെ സാബ് എറിഐ എയർബോൺ റഡാർ സംവിധാനവും സി–130, ഐഎൽ–78 എന്നീ സൈനിക വിമാനങ്ങളും നൂർ ഖാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. പാക്ക് വ്യോമസേനയുടെ കോളജുകളും ഇതിനുള്ളിലുണ്ട്.

∙ റഹിംയാർ ഖാൻ എയർഫീൽഡ്
പാക്ക് പഞ്ചാബ് പ്രവിശ്യയിലാണ് റഹിംയാർ ഖാൻ എയർ ഫീൽഡ്. ഒരേസമയം സിവിലിയൻ, സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇവിടെ ഷെയ്ഖ് സയീദ് രാജ്യാന്തര വിമാനത്താവളവും പ്രവർത്തിക്കുന്നു. രാജസ്ഥാൻ അതിർത്തിയോട് വളരെ അടുത്താണ് റഹിംയാർ ഖാൻ എയർഫീൽഡിന്റെ സ്ഥാനം. പാക്കിസ്ഥാന്റെ വിവിധ യുദ്ധവിമാനങ്ങളും ആളില്ലാ വിമാനങ്ങളുടെയും പ്രവർത്തനം കേന്ദ്രീകരിച്ചിട്ടുള്ളത് റഹിംയാർ ഖാനിലാണ്.
ഇന്ത്യയുടെ മിസൈലാക്രമണത്തിൽ റഹിംയാർ ഖാൻ എയർഫീൽഡിന്റെ റൺവേയിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഒരേയൊരു റൺവേ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. യുഎഇയുടെ ആദ്യ പ്രസിഡന്റ് ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സാമ്പത്തിക സഹായത്തിൽ നിർമിച്ചതാണ് റഹിംയാർ ഖാനിലെ വിമാനത്താവളം. 1966ലാണ് വ്യോമതാവളം സ്ഥാപിക്കുന്നത്.

∙ ഭോലാരി വ്യോമതാവളം
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ജംഷോരോ ജില്ലയിലാണ് ഭോലാരി വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. യുഎസ് നിർമിത എഫ്–16 യുദ്ധ വിമാനങ്ങളുടെയും ചൈനീസ് നിർമിത ജെഎഫ്–17 പോർ വിമാനങ്ങളുടെയും താവളം. പാക്കിസ്ഥാന്റെ തെക്കൻ മേഖലകളിലെ വ്യോമ പ്രതിരോധത്തിൽ നിർണായ പങ്കുവഹിക്കുന്ന വ്യോമതാവളം.

∙ സർഗോധ വ്യോമതാവളം
പഞ്ചാബ് തലസ്ഥാനമായ അമൃത്‌സറിൽനിന്ന് 200 കിലോമീറ്റർ മാത്രം അകലെയാണ് സർഗോധയിലെ മുഷാഫ് വ്യോമതാവളം. പാക്കിസ്ഥാന്റെ ഏറ്റവും ആധുനികമായ വ്യോമതാവളമായാണ് ഇത് അറിയപ്പെടുന്നു. എഫ്–16 യുദ്ധ വിമാനങ്ങളുടെ 9, 29 സ്‌ക്വാഡ്രണുകൾ, ഫ്രഞ്ച് നിർമിത അലൗവേറ്റ് ഉൾപ്പെടുന്ന ഹെലികോപ്ടർ യൂണിറ്റ്, ഫ്രഞ്ച് ഫാൽക്കൺ 20 മോഡിഫൈഡ് ബിസിനസ് ജെറ്റ് ഉൾപ്പെടുന്ന പാക്ക് വ്യോമസേനയുടെ ഏക ഇലക്ട്രോണിക് യുദ്ധസന്നാഹ യൂണിറ്റ് എന്നിവ അടക്കമുള്ള 38 ടാക്ടിക്കൽ വിങ് ഇവിടെ പ്രവർത്തിക്കുന്നു. എഫ്–16, ജെഎഫ് 17, മിറാഷ്, എഫ്–7 യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളും സർഗോധയിലാണുള്ളത്.

∙ റഫിഖി വ്യോമതാവളം
പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ജില്ലയിലാണ് റഫിഖി വ്യോമതാവളം. പാക്ക് സ്ക്വാഡ്രൺ ലീഡർ സർഫറാസ് അഹമ്മദ് റഫിഖിയുടെ പേരിൽ അറിയപ്പെടുന്നു. ജെഎഫ്–17, മിറാഷ് യുദ്ധവിമാനങ്ങളുടെ ഒന്നിലധികം സ്ക്വാഡ്രണുകൾ പ്രവർത്തിക്കുന്നു. ഇവിടെനിന്നാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കുനേരെ ജെഎഫ് 17 വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നചത്തിയതെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വ്യോമതാവളത്തിൽനിന്ന് കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലേക്ക് എളുപ്പത്തിൽ ആയുധങ്ങൾ വിന്യസിക്കാനാകും. ഇവിടവും ഇന്ത്യ ആക്രമിച്ചതോടെ പാക്ക് ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയേറ്റു.
∙ മുറീദ് വ്യോമതാവളം
ചക്‌വാൽ ജില്ലയിലുള്ള മുറീദ് വ്യോമതാവളമായിരുന്നു ഇന്ത്യയ്ക്കെതിരെയുള്ള ഡ്രോൺ ആക്രമണങ്ങവുടെ കേന്ദ്രം. ഷാപർ 1, ബയ്‌രാക്തർ ടിബി2 എന്നിങ്ങനെയുള്ള ആളില്ലാ വിമാനങ്ങളും കോമ്പാറ്റ് ഏരിയൽ വെഹിക്കിളുകളും പ്രവർത്തിപ്പിക്കുന്ന പാക്ക് വ്യോമസേന സ്ക്വാഡ്രണുകളുടെ കേന്ദ്രം. ഇന്ത്യയിൽ നിന്നുള്ള വിവരങ്ങൾ ചോർത്തുക എന്നതാണ് ഇവിടെനിന്നുള്ള ഡ്രോൺ, യുഎവി ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം.
∙ ചുനിയൻ റഡാർ സ്റ്റേഷൻ
പാക്ക് പഞ്ചാബിലെ ചുനിയൻ റഡാർ സ്റ്റേഷൻ ലഹോറിന് 70 കി.മീ തെക്കുമാറി സ്ഥിതി ചെയ്യുന്നു. യുദ്ധ വിമാനങ്ങളുടെയും സഹായക സംവിധാനങ്ങളുടെയും കേന്ദ്രം.

∙ ജക്കോബാബാദ് ഷഹബാസ്
രാജസ്ഥാനു മറുവശത്ത് സിന്ധ് പ്രവിശ്യയുടെ വടക്കായാണ് ജക്കോബാബാദിലെ ഷഹബാസ് വ്യോമതാവളം. ജക്കോബാബാദിനെ ആക്രമിക്കുന്നത് പടിഞ്ഞാറൻ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും. എഫ് 16 സ്ക്വാഡ്രണിന്റെ 5, 11 യൂണിറ്റുകളും ജെഎഫ്–17ന്റെ രണ്ടാം സ്ക്വാഡ്രണും ഉൾപ്പെടുന്ന 39 ടാക്ടിക്കൽ വിങ് ഇവിടെ പ്രവർത്തിക്കുന്നു. അഗസ്റ്റ വെസ്റ്റ്ലാൻഡ് ലിയോനാഡോ അടങ്ങുന്ന ഹെലികോപ്ടർ യൂണിറ്റും ജക്കോബാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്നു.

∙ പസ്‌രൂർ റഡാർ സ്റ്റേഷൻ
സിയാൽകോട്ടിനു സമീപമാണ് പസ്‌രൂർ റഡാർ സ്റ്റേഷൻ. പാക്കിസ്ഥാന്റെ കിഴക്കൻ മേഖലകളിൽനിന്നുള്ള വ്യോമാക്രണം തടയുക എന്ന മുഖ്യലക്ഷ്യത്തോടെ പ്രവർത്തനം. ഇന്ത്യൻ ആക്രമണത്തിൽ റഡാർ സംവിധാനം തകർന്നു.
