ADVERTISEMENT

തിരുവനന്തപുരം∙ കശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഷിംല കരാര്‍ ലംഘിക്കപ്പെട്ടോ എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഉയരുന്നുണ്ടെന്നും അതില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തതവരുത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡന്റുമാരും യുഡിഎഫ് കണ്‍വീനറും ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ വിദേശനയത്തില്‍ പാളിച്ച സംഭവിച്ചോയെന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ ഉത്തരം തന്നേ മതിയാകു. അതിന് അടിയന്തരമായി പാര്‍ലമെന്റ് സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൈന്യം നടത്തിയ പോരാട്ടങ്ങളെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസും രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളും ഒറ്റക്കെട്ടായി സര്‍ക്കാരിന് പിന്തുണ നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യം ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധീരതയെ കുറിച്ച് സ്മരിക്കുകയാണ്. നാലായിരം മൈലുകള്‍ക്ക് അപ്പുറമുള്ള ഏതെങ്കിലും രാജ്യത്തിന്റെ ഉപദേശം കേട്ടല്ല ഇന്ത്യയുടെ നയതന്ത്രവും ആഭ്യന്തര സുരക്ഷയും ഉണ്ടാക്കേണ്ടതെന്ന് ഉറച്ചനിലപാട് എടുത്ത പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലേത് ജനവും കമ്യൂണിസ്റ്റുകാരും വെറുത്ത സര്‍ക്കാർ

കേരളത്തിലേത് ജനവും കമ്യൂണിസ്റ്റുകാരും ഒരുപോലെ വെറുത്ത സര്‍ക്കാരാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ നാമെല്ലാം വട്ടപൂജ്യമാണെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ വേണുഗോപാല്‍ കേരളത്തില്‍ അടുത്തു വരാന്‍ പോകുന്ന സര്‍ക്കാര്‍ യുഡിഎഫിന്റെതാകുമെന്നും പറഞ്ഞു. 

സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്റെ നാലുവര്‍ഷത്തെ സേവനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയത്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത സണ്ണി ജോസഫ് മുഖവുര അവശ്യമില്ലാത്ത നേതാവാണ്. സണ്ണി ജോസഫ് ആശയങ്ങളിലും ആദര്‍ശങ്ങളിലും അടിയുറച്ച് നില്‍ക്കുന്ന പോരാളിയാണ്. വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സണ്ണി ജോസഫിന്റെ കീഴിലുള്ള പുതിയ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍  നിറവേറ്റുന്നതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിഞ്ഞ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരുടെയും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്റെയും പ്രവര്‍ത്തനത്തെയും കെ.സി.വേണുഗോപാല്‍ അഭിനന്ദിച്ചു.

English Summary:

KC Venugopal Raises Concerns Over Kashmir and India's Foreign Policy Stance: Shimla Agreement concerns raised by K.C. Venugopal highlight potential violations and questions regarding India's foreign policy. He also discussed the Kerala Congress's future and praised the new KPCC leadership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com