‘ചില്ലറ’ പ്രശ്നം മാറുന്നു, സ്മാർട്ടാകാൻ കെഎസ്ആർടിസി; ഡിജിറ്റൽ ടിക്കറ്റ് സംവിധാനം കൂടുതൽ ബസ്സുകളിലേക്ക്

Mail This Article
കണ്ണൂർ∙ ചില്ലറയ്ക്കു വേണ്ടി കെഎസ്ആർടിസി ബസിൽ കണ്ടക്ടറും യാത്രക്കാരും തമ്മിലടിക്കുന്ന കാഴ്ച വൈകാതെ ഇല്ലാതാകും. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഡിജിറ്റലായി ടിക്കറ്റ് ചാർജ് അടയ്ക്കാനുള്ള സംവിധാനം പകുതിയോളം കെഎസ്ആർടിസി ബസുകളിൽ വിജയകരമായി നടപ്പാക്കിയതോടെ കൂടുതൽ ബസുകളിൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി അധികൃതർ. നടപ്പാക്കിയ ബസുകളിൽ കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ സംഭവം വിജയകരമാണെന്ന വിലയിരുത്തലിലാണ് തുടർ നടപടികളുമായി മുന്നോട്ടു പോകുന്നത്.
ചലോ ആപ് വഴിയാണ് ഓൺലൈനായി പണമടയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങൾ നടപ്പാക്കുന്നത്. നിലവിൽ ടിക്കറ്റ് എടുക്കാൻ മാത്രമാണ് സാധിക്കുന്നതെങ്കിലും ഭാവിയിൽ നിരവധി സൗകര്യങ്ങളാണ് ആപ് വഴി ഒരുക്കുന്നത്. ആപ്പിലൂടെ ഏതൊക്കെ റൂട്ടിൽ ഏതൊക്കെ ബസ് ഉണ്ടെന്ന് യാത്രക്കാരന് അറിയാൻ സാധിക്കും. ബസ് എവിടെയെത്തിയെന്നും അറിയാൻ കഴിയും. യാത്ര തുടങ്ങുന്നതിന് മുൻപു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും ബസിൽ എത്ര യാത്രക്കാരുണ്ടെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കും.
മുംബൈ ആസ്ഥാനമായ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചലോ ആപ്പ് തിരുവനന്തപുരത്താണ് ആദ്യം പരീക്ഷിച്ചത്. തുടർന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ബസ് ഓടുന്നതിനിടെ റെയ്ഞ്ച് ലഭിക്കാതെ വന്നാൽ ഓൺലൈൻ ഇടപാട് നടക്കാതെ വരും. ഇതിനിടെ തിരുവനന്തപുരത്ത് സെർവറിന് തകരാർ സംഭവിച്ചതും പ്രശ്നമായിരുന്നു. ഉപയോഗിക്കുന്നതിനുള്ള പരിചയക്കുറവു മൂലം കണ്ടക്ടർമാർ ഉപയോഗിക്കാൻ മടിക്കുന്നുമുണ്ട്. അതേസമയം, ചില സ്വകാര്യ ബസുകൾ ഈ സംവിധാനം ഉപയോഗിച്ചശേഷം പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കണ്ടശേഷം ഉപേക്ഷിച്ചതാണെന്നും ചില കണ്ടക്ടർമാർ പറയുന്നു.
എന്നാൽ പദ്ധതിയുമായി കെഎസ്ആർടിസി മുന്നോട്ടു പോവുകയാണ്. റെയ്ഞ്ച് കുറവുള്ള മലയോര മേഖലയിൽ ഉൾപ്പെടെ പദ്ധതി വിജയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെൻറം എസി ബസുകളിലാണ് കൂടുതലായി ചലോ അപ്പിന്റെ സഹായത്തോടെയുള്ള മെഷീൻ ഉപയോഗിച്ച് ടിക്കറ്റ് നൽകുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പകുതിയോളം ബസുകളിൽ പുതിയ സംവിധാനമുണ്ട്. എല്ലാം ബസുകളിലും പുതിയ സംവിധാനം വരുന്നതോടെ വൈകാതെ തന്നെ കെഎസ്ആർടിസി പൂർണമായും ഡിജിറ്റലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടെ ചില്ലറ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും ചില്ലറ എണ്ണിത്തിട്ടപ്പെടുത്തേണ്ട ബുദ്ധിമുട്ടുമെല്ലാം ഇല്ലാതാകും. കയ്യിൽ പണം ഇല്ലെങ്കിലും യാത്രക്കാർക്ക് ബസിൽ കയറി എവിടേക്കു വേണമെങ്കിലും പോകാനും സാധിക്കും.