‘പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചു; പേടിച്ച് ഓടി’: ആരോപണവുമായി പാറമേക്കാവ് ദേവസ്വം

Mail This Article
തൃശൂർ∙ തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ഇതു കാരണമാണ് പൂരത്തിനിടെ ആനകൾ ഓടിയതെന്നും ദേവസ്വം അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലേസർ അടിച്ചതു കാരണം പേടിച്ചാണ് തിരുവമ്പാടി വിഭാഗത്തിന്റെ ആന ഓടിയത്. ആന ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. പൂരപ്പറമ്പുകളിൽ ലേസർ ലൈറ്റുകൾ നിരോധിച്ചിട്ടും അവ ഉപയോഗിച്ചത് എന്തിനാണ്.
പൂരത്തിനിടെ ലേസർ ലൈറ്റ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ തെളിവുകളടക്കം പരാതി നൽകും. എഴുന്നള്ളിപ്പുകളിൽ ആനകളെ ഉപയോഗിക്കുന്നതിനെ എതിർക്കുന്ന സംഘടനകൾക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. തൃശൂർ പൂരം വെടിക്കെട്ടിനു മുന്‍പായി തിരുവമ്പാടി വിഭാഗത്തിന്റെ ആന വിരണ്ടോടിയിരുന്നു. ആനയെക്കണ്ട് ഭയന്നോടിയ നാൽപ്പതോളം പേർക്ക് നിസാര പരുക്കേൽക്കുകയും ചെയ്തിരുന്നു.