ADVERTISEMENT

കോയമ്പത്തൂർ∙ വിവാദമായ പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ. കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവരാണു പ്രതികൾ. ഇരകളായ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.

കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്കു മരണംവരെ ജീവപര്യന്തം തടവു നൽകണമെന്ന് സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നു തെളിഞ്ഞതായി സിബിഐ കോടതിയിൽ അറിയിച്ചു. 2019 ഫെബ്രുവരിയിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയത്.

പ്രതികളെ സേലം സെൻട്രൽ ജയിലിൽനിന്നു കനത്ത സുരക്ഷയിൽ രാവിലെ എട്ടരയോടെ കോടതിയിൽ എത്തിച്ചു. കോളജ് വിദ്യാർഥിനികളും വിവാഹിതരായ സ്ത്രീകളും സംഘത്തിന്റെ പീഡനത്തിന് ഇരകളായി. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണു വാദപ്രതിവാദങ്ങൾ എല്ലാം നടന്നത്. നശിപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം കണ്ടെത്തിയെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു.

2019ൽ നടന്ന സംഭവം ദേശീയശ്രദ്ധ നേടിയിരുന്നു. 2016നും 2019നും ഇടയിലാണു പീഡനങ്ങൾ നടന്നത്. ഇരകളിൽ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍വരെ ഉണ്ടായിരുന്നു. മിക്കവരെയും പ്രതികള്‍ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട് വഴിയാണ്. യുവതികളുമായി സൗഹൃദം സ്ഥാപിച്ചു വലയിലാക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ചു പീഡിപ്പിക്കും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തു സാമ്പത്തിക ചൂഷണവും നടത്തും. 

പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലോടെയാണു സംഭവം പുറംലോകം അറിയുന്നത്. പ്രതികളില്‍ ഒരാളായ തിരുന്നാവക്കരശ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യര്‍ഥന നടത്തിയശേഷം, സംസാരിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി നി‍ര്‍ബന്ധിച്ചു കാറില്‍ കയറ്റി. വഴിയില്‍വച്ചു മറ്റു മൂന്നു പ്രതികള്‍കൂടി കാറില്‍ കയറി. നാലുപേരും ചേര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീടു വഴിയില്‍ ഉപേക്ഷിച്ചു. ഈ വിവരങ്ങള്‍ പെണ്‍കുട്ടി സഹോദരനോടു പറഞ്ഞ് പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

English Summary:

Pollachi Sexual Assault Case: A Coimbatore court found all nine accused guilty in the infamous Pollachi serial sexual assault case. The sentencing will be determined soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com