ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. മേയ് 18ന് ശ്രീഹരിക്കോട്ടയിൽനിന്നാണ് റിസാറ്റ് –1ബി (RISAT-1B) എന്ന പേരിലുള്ള ഇഒഎസ്-09 വിക്ഷേപിക്കുന്നത്. പ്രാദേശിക സമയം രാവിലെ 6.59ന് പിഎസ്എൽവി–സി61 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രാജ്യാതിർത്തി നിരീക്ഷണവും ദേശീയ സുരക്ഷ ശക്തിപ്പെടുത്തലുമാണ് ലക്ഷ്യം. പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെയാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണമെന്നതും ശ്രദ്ധേയമാണ്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുള്ള ഈ ഉപഗ്രഹം അതിർത്തി കടന്നുള്ള ഭീഷണികൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഒരു ‘ഗെയിം ചേഞ്ചർ’ ആകുമെന്നാണ് കരുതുന്നത്.

∙ ഇഒഎസ് –09 ഒരു സാധാരണ ഉപഗ്രഹമല്ല
ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ഒരു സുപ്രധാന ചുവടായേക്കാവുന്ന റിസാറ്റ്-1ബിയിൽ മുൻ നിരീക്ഷണ ഉപഗ്രഹങ്ങളിലേതിനേക്കാൾ മികച്ച സാങ്കേതിക സംവിധാനങ്ങളാണ് ഉള്ളത്. മേഘങ്ങളും ഇരുട്ടും വെല്ലുവിളിയാകുന്ന ഒപ്റ്റിക്കൽ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമാണ് റിസാറ്റ്–1ബിയുടെ അത്യാധുനിക സി-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ). രാത്രിയിലും പകലും മഴ, മൂടൽമഞ്ഞ്, കനത്ത മേഘങ്ങൾ തുടങ്ങി ഏത് പ്രതികൂല കാലാവസ്ഥയിലും ഭൗമോപരിതലത്തിന്‍റെ ഹൈ റെസലൂഷൻ ചിത്രങ്ങൾ പകർത്താൻ ഇതിനാവും. ജമ്മു കശ്മീർ പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങളുടെ നിരീക്ഷണത്തിന് ഇതു സഹായകമാണ്. 2016 ലെ സർജിക്കൽ സ്‌ട്രൈക്ക് പോലുള്ള ദൗത്യങ്ങളിൽ പ്രധാന പങ്കുവഹിച്ച മുൻകാല റിസാറ്റ് ഉപഗ്രഹങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ ഉപഗ്രഹം നിർമിച്ചിരിക്കുന്നത്. 

∙ രാജ്യസുരക്ഷയിൽ നിർണായക പങ്ക്
ഇന്ത്യയുടെ റിസാറ്റ് ഉപഗ്രഹങ്ങള്‍ ഏറെക്കാലമായി രാജ്യസുരക്ഷയിൽ നിർണായക പങ്കു വഹിക്കുന്നു. 2008ലെ മുംബൈ ആക്രമണത്തിനു ശേഷം വിക്ഷേപിച്ച ഈ ഉപഗ്രഹങ്ങൾ അതിർത്തിനിരീക്ഷണം ശക്തിപ്പെടുത്താനും നുഴഞ്ഞുകയറ്റം തടയാനുമായി ഡിസൈൻ ചെയ്‌തതാണ്. 2019 ൽ വിക്ഷേപിച്ച റിസാറ്റ്-2ബിആർ1 പോലുള്ള ഉപഗ്രഹങ്ങൾ 0.35 മീറ്റർ വരെ റെസലൂഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. റിസാറ്റ്-1ബിയുടെ ഇമേജിങ് റെസലൂഷന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും മുൻ ഉപഗ്രഹങ്ങളിലേതിനെക്കാൾ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. സേനകൾക്ക് ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും കലാപ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കുന്നതിനും ഈ കൃത്യത നിർണായകമാണ്.

റിസാറ്റ്-1ബിയിൽ അഞ്ച് വ്യത്യസ്ത ഇമേജിങ് മോഡുകൾ ഉണ്ട്. ചെറിയ വസ്തുക്കളെ കണ്ടെത്താൻ 1 മീറ്റർ വരെ അൾട്രാ-ഹൈ-റെസലൂഷൻ ഇമേജിങ്ങും വലിയ പ്രദേശത്തിന്റെ നിരീക്ഷണത്തിനായി വിശാലമായ സ്കാനിങ്ങും നടത്താൻ ഇതിന് സാധിക്കും. അനധികൃത അതിർത്തി നീക്കങ്ങൾ തിരിച്ചറിയാനും നുഴഞ്ഞുകയറ്റ വഴികൾ ട്രാക്ക് ചെയ്യാനും തുരങ്കങ്ങളും ബങ്കറുകളും പോലെ മറഞ്ഞിരിക്കുന്ന താവളങ്ങൾ കണ്ടെത്താനും ഇതിനു കഴിയും. അങ്ങനെ നുഴഞ്ഞുകയറ്റങ്ങളും സംശയാസ്പദമായ നീക്കങ്ങളും കണ്ടെത്താനും. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ‍ ശക്തിപ്പെടുത്താനും കഴിയും.

‘‘അതിർത്തിമേഖലകളിൽ മൂടൽമഞ്ഞ്, മഴ, ഇരുട്ട് എന്നിവ മൂലം നിരീക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാകും. റിസാറ്റ്–1ബിയിലെ ടെക്നോളജി ഇക്കാര്യത്തിൽ വഴിത്തിരിവാകും. പ്രദേശത്തെ മണ്ണിലെ പെട്ടെന്നുള്ള മാറ്റങ്ങൾ, പുതിയ ക്യാംപുകൾ, വാഹന ചലനം തുടങ്ങി ചെറിയ മാറ്റങ്ങൾ പോലും ഹൈ റെസലൂഷനുള്ള റഡാറിനു പകർത്താനാവും. ഇത് ഗ്രൗണ്ട് പട്രോളിങ് ശക്തമാക്കാൻ സഹായിക്കും. വിദൂരവും എത്തിച്ചേരാനാൻ പ്രയാസമേറിയതുമായ പ്രദേശങ്ങളിൽ 24 മണിക്കൂറും ജാഗ്രത ഉറപ്പിക്കാനും ഇന്ത്യയുടെ അതിർത്തി നിയന്ത്രണ ശേഷി ഗണ്യമായി വർധിപ്പിക്കാനും ഇതു സഹായിക്കുന്നു.’’ സ്പേസ് കിഡ്സ് ഇന്ത്യയുടെ സ്ഥാപകയും സിഇഒയുമായ ശ്രീമതി കേശൻ അഭിപ്രായപ്പെട്ടു.

പ്രളയ മാപ്പിങ്, ചുഴലിക്കാറ്റു നിരീക്ഷണം, മണ്ണിന്റെ ഈർപ്പം വിശകലനം, ചെയ്യൽ, കാർഷികവിളകളുടെ ഗുണം വിലയിരുത്തൽ തുടങ്ങിയവയ്ക്കും സഹായിക്കുന്ന റിസാറ്റ്–1ബി പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടികണ്ടു പ്രതിരോധിക്കാനും കാർഷിക ആസൂത്രണത്തിനും ഉപകാരപ്പെടുമെന്നും വിദഗ്ധർ പറയുന്നു. രാജ്യ സുരക്ഷയ്ക്കപ്പുറം, ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ വളർച്ചയെയാണ് റിസാറ്റ്-1ബി പ്രതിഫലിപ്പിക്കുന്നത്.

English Summary:

ISRO to Launch All-Weather Satellite RISAT-1B: RISAT-1B, a game-changing radar imaging satellite, will be launched by ISRO on May 18th from Sriharikota, India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com