ADVERTISEMENT

തിരുവനന്തപുരം∙ കഴക്കൂട്ടത്തെ കോസ്‌മെറ്റിക്ക് ക്ലിനിക്കില്‍ അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ 9 വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെതിരെ യുവതിയുടെ കുടുംബം. അന്വേഷണം അട്ടിമറിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കുടുംബം ആരോപിച്ചു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ലാതായി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ആശുപത്രി ഉടമകള്‍ക്കെതിരെ നടപടി എടുക്കുന്നില്ല. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആശുപത്രി ഉടമകള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവതിയുടെ കുടുംബം പറഞ്ഞു.

നിയമത്തിന്റെ വഴി തേടാതെ വേറെ മാര്‍ഗമില്ലെന്നാണു കരുതുന്നതെന്ന് നീതുവിന്റെ ഭര്‍ത്താവ് പത്മജിത് പറഞ്ഞു. മെഡിക്കല്‍ വീഴ്ച സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് അറിയുന്നത്. നീതുവിന് കൃത്യസമയത്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതില്‍ പിഴവുണ്ടായെന്ന കാര്യമൊന്നും പരിഗണിച്ചിട്ടില്ല. ക്ലിനിക്കല്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്. അതിന്റെ പേരില്‍ തന്നെ ക്ലിനിക്കിനെതിരെ പൊലീസിന് നിയമനടപടി സ്വീകരിക്കാവുന്നതാണ്. ക്ലിനിക് അടച്ചുവെന്നല്ലാതെ അവിടുത്തെ രേഖകള്‍ പിടിച്ചെടുക്കുകയൊന്നും ചെയ്തിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ വേണ്ടത്ര സമയം ക്ലിനിക്ക് ഉടമകള്‍ക്കു ലഭിക്കുന്ന തരത്തിലുള്ള നടപടിയാണിതെന്നും പത്മജിത് പറഞ്ഞു. ആശുപത്രി രേഖകള്‍ പരിശോധിച്ച് മുന്‍പ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ ആര്‍ക്കെങ്കിലും ദുരനുഭവം ഉണ്ടായോ എന്നു പരിശോധിക്കേണ്ടതാണ്. ഒരു മരണം സംബന്ധിച്ചുള്ള വിവരം പുറത്തുവന്നിരുന്നു. അത്തരം പരാതികള്‍ നിലനില്‍ക്കുന്നതിനിടെ തിടുക്കപ്പെട്ട് ക്ലിനിക്കിന് ലൈസന്‍സ് നല്‍കിയതുള്‍പ്പെടെ സംശയകരമാണെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കുടുംബത്തിനു നല്‍കിയിട്ടില്ലെന്നും പത്മജിത് പറഞ്ഞു. എത്തിക്‌സ് കമ്മിറ്റി വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് മാത്രമേ കൈമാറാന്‍ കഴിയൂ എന്നുമാണ് എസിപി പറഞ്ഞിരിക്കുന്നത്. കൂടുതല്‍ കാത്തിരിക്കുന്നതു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂവെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിയമവഴിയിലേക്കു നീങ്ങുകയാണെന്നും പത്മജിത് പറഞ്ഞു.

സംഭവം വിവാദമായതു മുതലുള്ള അധികൃതരുടെ നടപടികളില്‍ അടിമുടി ദുരൂഹതയാണ് നിലനില്‍ക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. നീതുവിന്റെ കുടുംബത്തിന്റെ പരാതിയും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ഇടപെടലും ഉണ്ടായിട്ടും തിടുക്കപ്പെട്ട് ക്ലിനിക്കിന് സ്ഥിര റജിസ്‌ട്രേഷന്‍ അനുവദിച്ചത് വമ്പന്‍ ഇടപെടലുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് നീതുവിന് നടത്തിയ ശസ്ത്രക്രിയയെപ്പറ്റി അന്വേഷണം നടത്തിയ വിദഗ്ധ സമിതിയുടെ (മെഡിക്കല്‍ ബോര്‍ഡ്) റിപ്പോര്‍ട്ട് വരുന്നതും എത്തിക്‌സ് കമ്മിറ്റി അതു തള്ളി വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതും. കാര്യങ്ങള്‍ കൈവിടുന്നുവെന്ന തിരിച്ചറിവില്‍ ഇരുചെവി അറിയാതെ അധികൃതര്‍ കുളത്തൂര്‍ തമ്പുരാന്‍ മുക്കിലെ 'കോസ്‌മെറ്റിക്ക് ഹോസ്പിറ്റല്‍' എന്ന ക്ലിനിക്കിന്റെ സ്ഥിര റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വൈസ് ചെയര്‍പഴ്‌സനായ ജില്ലാ റജിസ്‌ട്രേഷന്‍ അതോറിറ്റി തിരക്കിട്ട് അനുവദിച്ച റജിസ്‌ട്രേഷന്‍ ആണ് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ 10ന് ആയിരുന്നു നടപടി. ഈ മാസം 5ന് തിരക്കിട്ട് അനുവദിച്ച റജിസ്‌ട്രേഷന്‍ 10ന് റദ്ദാക്കിയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഏപ്രില്‍ 7ന് ആണ് ക്ലിനിക് റജിസ്‌ട്രേഷനായി അപേക്ഷ നല്‍കിയത്. ഡിഎംഒയുടെ ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 29, 30 തീയതികളില്‍ ഉദ്യോഗസ്ഥ സംഘം ക്ലിനിക് സന്ദര്‍ശിച്ചു സ്ഥാപനം 'യോഗ്യ'മെന്നു കണ്ടെത്തിയിരുന്നു.  6 ദിവസത്തിനകം ഈ മാസം 5ന് അവർ റിപ്പോര്‍ട്ട് നല്‍കി. അന്നു തന്നെ നടപടി പൂര്‍ത്തിയാക്കി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി അനുവദിക്കുകയായിരുന്നു.

ക്ലിനിക്കിന് എതിരായി നീതുവിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതി നിലനില്‍ക്കുമ്പോഴായിരുന്നു റജിസ്‌ട്രേഷന്‍ അനുവദിച്ചത്. ഫെബ്രുവരി 22ന് ശസ്ത്രക്രിയ നടക്കുമ്പോള്‍ ക്ലിനിക്കിന് റജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ല. ചികിത്സാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ മാര്‍ച്ച് 21ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു 16 ദിവസം കഴിഞ്ഞാണ് ക്ലിനിക്ക് അധികൃതര്‍ റജിസ്‌ട്രേഷനായി അപേക്ഷ നല്‍കിയത്. ക്ലിനിക്കിന് എതിരായ പരാതിയില്‍ വിശദീകരണവും റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് കലക്ടറുടെ ഓഫിസില്‍നിന്ന് ഏപ്രില്‍ 8നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നിന്നു ഏപ്രില്‍ 19നും ജില്ലാ മെഡിക്കല്‍ ഓഫിസിനു കത്ത് ലഭിച്ചിരുന്നു. ഇതു രണ്ടും ഡിഎംഒ അവഗണിച്ചു. ക്ലിനിക്കിന് എതിരായി പരാതി ലഭിച്ച സമയത്തു തന്നെ റജിസ്‌ട്രേഷന്‍ നടപടി വേഗത്തിലാക്കുകയും ചെയ്തു. നീതുവിന്റെ കുടുംബാംഗങ്ങളുടെ പരാതിയോടെ ശസ്ത്രക്രിയ നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് റജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ബിന്ദു മോഹന്‍ കഴക്കൂട്ടം പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനിലിനു കൈമാറി. ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട്, വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് എന്നിവ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഓഫിസുകളിലേക്കും അയച്ചു.

2021ല്‍ ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവാവിന്റെ മരണം, കേസ്

2021ല്‍ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമൃതരാജ് (46) മരിച്ചതാണ് ക്ലിനിക്കിന് എതിരായ ആദ്യ കേസ്. സംഭവത്തില്‍ പേട്ട പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ അട്ടിമറിക്കപ്പെട്ടു. അമൃതരാജിന്റെ സഹോദരൻ അശോക് കുമാര്‍ പരാതികളുമായി ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും ഓഫിസുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതോടെ വിഷയം മെഡിക്കല്‍ ബോര്‍ഡിന് വിട്ട് അധികൃതര്‍ കൈകഴുകി. പിന്നീട് 4 വര്‍ഷം കഴിഞ്ഞാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. വന്‍തോതില്‍ കൊഴുപ്പു നീക്കിയതിനെ തുടര്‍ന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടെന്നും ക്ലിനിക്കിനും ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കും എതിരെ നിയമപോരാട്ടം തുടരുമെന്നും ക്ലിനിക്കിനു വേണ്ടി തലസ്ഥാനത്തു വലിയൊരു സംഘം പ്രവര്‍ത്തിക്കുണ്ടെന്നും അശോക് കുമാര്‍ പ്രതികരിച്ചിരുന്നു. 

2021 ജൂണ്‍ 11ന് ആയിരുന്നു അമൃത് രാജ് വയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. വീട്ടിലെത്തി രാത്രിയായപ്പോള്‍ അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെടുകയും കോസ്മറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഗ്യാസ്ട്രബിള്‍ ആണെന്നും അതിനുള്ള ഗുളിക കഴിച്ചാല്‍ മതിയെന്നും ഡോക്ടര്‍ ഉപദേശിച്ചു. എന്നാല്‍ വേദന കലശലായതിനെ തുടര്‍ന്നു പിറ്റേന്നു കോസ്മറ്റിക് ക്ലിനിക്കില്‍ ചികിത്സ തേടി. ക്ലിനിക്കിന്റെ എംഡി അമൃതരാജിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെവച്ച് അമൃതരാജ് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയുമായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നു അമൃതരാജിന് ആരോഗ്യപ്രശ്‌നമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു മാത്രമേ ബന്ധുക്കള്‍ക്കു അറിമായിരുന്നുള്ളൂ. അശോക് കുമാര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അമൃത് രാജ് എന്നൊരു രോഗി ചികിത്സയില്‍ ഇല്ലെന്നു പറഞ്ഞു മടക്കിവിടാനായിരുന്നു ജീവനക്കാര്‍ ശ്രമിച്ചത്. സംശയം തോന്നി അശോക് കുമാര്‍ ബഹളം വച്ച് പ്രശ്‌നമുണ്ടാക്കിയതോടെയാണ് ഐസിയുവിലേക്ക് കടത്തിവിട്ടത്. ക്ലിനിക്കിലെ ഡോക്ടറും ആശുപത്രി ഐസിയുവില്‍ ഉണ്ടായിരുന്നു. ക്ലിനിക്കിലെ ഡോക്ടറാണ് മരണവിവരം അറിയിച്ചതെന്നും അശോക് കുമാര്‍ പറഞ്ഞു. ക്ലിനിക്ക് പേട്ടയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അമൃത് രാജിന്റെ മരണമുണ്ടായത്. പിന്നീടും ഒട്ടേറെ പരാതികള്‍ ക്ലിനിക്കിന് എതിരെ ഉയര്‍ന്നെങ്കിലും പൊലീസും ആരോഗ്യവകുപ്പും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

English Summary:

Medical Negligence in Kazhakkoottam Cosmetic Clinic: Finger amputation following liposuction highlights serious medical negligence in Kerala. The family's accusations of a cover-up underscore the need for stricter regulations and accountability within the cosmetic surgery industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com