ADVERTISEMENT

ഹൈദരാബാദ്∙ ലഹരിമരുന്ന് ഇടപാടിനിടെ അറസ്റ്റിലായ യുവ വനിത ഡോക്ടർ ലഹരിക്കായി വിറ്റഴിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വത്തെന്ന് തെലങ്കാന ആന്റി നർക്കോട്ടിക്സ് ബ്യൂറോ (ടിജിഎഎൻബി). കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രി ശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ. നമ്രത ചിഗുരുപതി (34) ആണു കഴിഞ്ഞദിവസം 53 ഗ്രാം കൊക്കെയ്‌നുമായി പിടിയിലായത്. നമ്രതയ്ക്ക് കൊക്കെയ്‌ൻ നൽകിയ മുംബൈ സ്വദേശി ബാലകൃഷ്ണയും പിടിയിലായി. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.

നമ്രതയ്ക്ക് ലഹരി കൊടുത്തയച്ച വംശ് ധാക്കർ എന്നയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മുംബൈയിൽ ഡിജെ ആയ ഇയാൾ ഇപ്പോൾ ഒളിവിലാണ്. മുംബൈയിലെ ഡിജെ പാർട്ടികളിൽ വച്ചാണ് നമ്രത ഇയാളെ പരിചയപ്പെട്ടെതെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദിലെ റായ്ദുർഗയിൽ വച്ചാണ് ധാക്കറുടെ വിതരണക്കാരൻ ബാലകൃഷ്ണയിൽനിന്നു നമ്രത ലഹരി വാങ്ങിയത്. ഈ സമയം പൊലീസ് എത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 53 ഗ്രാം കൊക്കെയ്ൻ 57 ചെറുപാക്കറ്റുകളിലായി നമ്രതയുടെ മിനി കൂപ്പർ കാറിലുണ്ടായിരുന്നു. വാട്സാപ് വഴിയാണു നമ്രത ലഹരിമരുന്നിന് ഓർഡർ നൽകിയത്. 

നമത്ര നാല് വർഷത്തിലേറെയായി ലഹരിമരുന്നിന് അടിമയാണെന്ന് ടിജിഎഎൻബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.  2021ൽ സ്പെയ്നിൽ എംബിഎ പഠിക്കുന്നതിനിടെയാണു ലഹരി ഉപയോഗിച്ചു തുടങ്ങിയത്. 2014ൽ തെലങ്കാനയിലെ പീരംചെരുവിലെ ഒരു കോളജിൽനിന്നാണ് നമ്രത എംബിബിഎസ് പൂർത്തിയാക്കിയത്. 2017ൽ കേരളത്തിലെ കൊച്ചിയിലെ ഒരു സ്ഥാപനത്തിൽനിന്ന് റേഡിയേഷൻ ഓങ്കോളജിയിൽ എംഡിയും പൂർത്തിയാക്കി. നമത്ര പലപ്പോഴും ഒരു ദിവസം 10 തവണ വരെ കൊക്കെയ്ൻ ഉപയോഗിച്ചിരുന്നു. അമിതമായ ആസക്തിയെ തുടർന്ന്  രാത്രിയിൽ ഉറക്കമെഴുന്നേറ്റ് പോലും ലഹരി ഉപയോഗിച്ചിരുന്നു. ഉറക്കഗുളികളും കഴിച്ചിരുന്നു’’– ഉദ്യോഗസ്ഥർ പറഞ്ഞു. 

വിവാഹമോചിതയായ നമ്രതയ്ക്ക്, 2 കുട്ടികളുണ്ട്.  ഇതുവരെ 70 ലക്ഷം രൂപ ലഹരിക്കായി ചെലവിട്ടിട്ടുണ്ടെന്ന് പൊലീസിനോടു നമ്രത സമ്മതിച്ചു. ഒരു കോടി രൂപയോളം വിലവരുന്ന സ്വത്ത് ഇതിനായി വിറ്റു. കഴിഞ്ഞമാസം നമ്രതയുടെ വീട്ടിലെത്തിയ പൊലീസ്, ഇവർ പൊലീസ് നിരീക്ഷണത്തിലാണെന്നും എത്രയും വേഗം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കുടുംബത്തിനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരോട് നമ്രത തട്ടികയറുകയായിരുന്നു.

English Summary:

Telangana doctor drug arrest: Dr. Namrata Chigurupati, CEO of a hospital was arrested in Hyderabad for cocaine possession.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com