ADVERTISEMENT

ന്യൂഡൽഹി∙ അബദ്ധത്തിൽ അതിർത്തി കടന്നതിനു പാക്ക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രിൽ 23നാണ് ജവാൻ പി.കെ.ഷായെ (പൂർണം കുമാർ ഷാ) കസ്റ്റഡിയിലെടുത്തത്. അട്ടാരി അതിർത്തി വഴി ജവാൻ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു. ബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്. എല്ലാ ചട്ടങ്ങളും പാലിച്ച് സമാധാനപരമായാണ് ജവാനെ കൈമാറിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.

അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ജവാൻ പിടിയിലായത്. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ മരിച്ചതിനു പിറ്റേ ദിവസമായിരുന്നു സംഭവം. അതിർത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാൻ. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്ക് തണൽ തേടി നീങ്ങിയപ്പോഴാണ്, രാജ്യാന്തര അതിർത്തി മുറിച്ചു കടന്നെന്ന പേരിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. ബിഎസ്എഫ് 182–ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുർ സെക്ടറിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിടിയിലാകുന്നതിനു മൂന്നാഴ്ച മുൻപാണ് അവധി കഴിഞ്ഞു തിരികെപ്പോയത്. ഇന്ത്യ–പാക്ക് സംഘർഷമുണ്ടായതോടെ ജവാനെ വിട്ടുകിട്ടുന്നതിൽ അനിശ്ചിതത്വമുണ്ടായി. 

∙ പിടിയിലായത് കിസാൻ ഡ്യൂട്ടിക്കിടെ

അതിർത്തിയിൽ കർഷകരുടെ തുണയ്ക്കായുള്ള ‘കിസാൻ ഗാർഡ്’ ഡ്യൂട്ടിക്കിടെയാണ് പി.കെ.ഷാ പാക്കിസ്ഥാന്റെ പിടിയിലായത്. വേനൽക്കാലത്ത് അതിർത്തിക്കും സീറോ ലൈനിനുമിടയിൽ സുരക്ഷാവേലിയില്ലാത്ത ഭാഗങ്ങളിൽ കൃഷി അനുവദിക്കാറുണ്ട്. രാവിലെ 9 മുതൽ 5 മണിവരെ ബിഎസ്എഫിന്റെ നിരീക്ഷണത്തിൽ ഇവിടെ കർഷകർക്കു സഞ്ചരിക്കാം. 3323 കിലോമീറ്റർ അതിർത്തി പ്രദേശത്താണ് ബിഎസ്എഫ് കാവലുള്ളത്. സാധാരണ അതിർത്തി മുറിച്ചു കടക്കുന്ന സംഭവങ്ങളുണ്ടായാൽ ഉദ്യോഗസ്ഥ തലത്തിലെ ഫ്ലാഗ് മീറ്റിങ്ങിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പതിവ്. എന്നാൽ ഇന്ത്യ–പാക്ക് സംഘർഷമുണ്ടായതോടെ ചർച്ചകൾ നീണ്ടു.

English Summary:

BSF Jawan Poonam Kumar: BSF Jawan Poonam Kumar Shah released by Pakistan after 21 days in captivity. The Indian soldier's return marks a significant development in Indo-Pak relations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com