രാഹുൽ മാങ്കൂട്ടത്തിലിന്റെ കാൽനട യാത്രയിലും പൊതുസമ്മേളനത്തിലും വൻ സംഘർഷം; യൂത്ത് കോൺഗ്രസ്–സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി

Mail This Article
കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കോൺഗ്രസിന്റെ നിർമാണത്തിലിരിക്കുന്ന സ്തൂപം വീണ്ടും തകർത്തു. ഗാന്ധിജിയുടെ ഉൾപ്പെടെയുള്ള സ്തൂപമാണ് കഴിഞ്ഞ ദിവസം തകർത്തത്. പൊലീസ് ഇടപെട്ട് സിപിഎം - കോൺഗ്രസ് പ്രവർത്തകരെ പിരിച്ചു വിട്ട ശേഷമാണ് നിർമാണത്തിലിരിക്കുന്ന സ്തൂപം വീണ്ടും തകർക്കപ്പെട്ടത്.
-
Also Read
നേതൃമാറ്റത്തിന്റെ നവോർജം
അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ 5 കിലോമീറ്ററോളം കാൽനട യാത്ര നടത്തിയത്. പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണു സ്ഥലത്ത് വിന്യസിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതറിഞ്ഞ് അടുവാപ്പുറത്ത് രാഹുലിനെയും കെ. സുധാകരനെയും അധിക്ഷേപിച്ച് പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ‘കള്ളനു വേണ്ടി കളത്തിൽ വ്യാജൻ’ എന്നെഴുതിയ പോസ്റ്ററാണ് സ്ഥാപിച്ചത്. ഇതു യാത്ര തുടങ്ങുന്നതിനു മുൻപ് പൊലീസ് എടുത്തു മാറ്റി.