ADVERTISEMENT

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്‌ലൻഡ് നിർമിതമായ 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരിയുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് യുവതികൾ പിടിയിലായി. പിടികൂടിയ ലഹരി വസ്തുക്കൾക്ക് 35 കോടിരൂപ വിലവരുമെന്നാണ് അധികൃതർ പറയുന്നത്.

ഇന്നലെ രാത്രി 11.45 ന് എയർഏഷ്യ വിമാനത്തിൽ എത്തിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്. ഇവർ തായ്‌ലൻഡിൽ നിന്നും ക്വാലാലംപുർ വഴി ആണ് കോഴിക്കോട് എത്തിയത്. 

ട്രോളി ബാഗിൽ ഒളിപ്പിച്ച് അബുദാബിയിൽനിന്ന് എത്തിച്ച 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ രാവിലെ പൊലീസ് പിടികൂടിയിരുന്നു. ഇത് ഏറ്റുവാങ്ങാനെത്തിയ രണ്ടു കണ്ണൂർ സ്വദേശികളെയും അറസ്റ്റ് ചെയ്തു. പിടികൂടിയ കഞ്ചാവിന് 9 കോടി രൂപ വിലവരും. കഞ്ചാവ് എത്തിച്ച യാത്രക്കാരനു വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കണ്ണൂർ മട്ടന്നൂർ ഇടവേലിക്കൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ റിജിൽ (35), തലശ്ശേരി പെരുന്താറ്റിൽ ഹിമം വീട്ടിൽ റോഷൻ ആർ.ബാബു (33) എന്നിവരാണു പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടിന് അബുദാബിയിൽനിന്ന് ഇത്തിഹാദ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ ട്രോളി ബാഗിലാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. 14 പാക്കറ്റുകളിലായി അടുക്കിവച്ച നിലയിലായിരുന്നു. കരിപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇതു പിടിച്ചെടുത്തത്.

English Summary:

Massive Cannabis Bust at Karipur Airport: A massive ₹35 crore drug seizure at Karipur airport involves 34 kg of hybrid cannabis and chemical drugs, leading to the arrest of three women.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com