ADVERTISEMENT

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി അംഗങ്ങള്‍ക്കും ചെയര്‍മാനും പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലുള്ള സേവനകാലവും പരിഗണിക്കാന്‍ സര്‍ക്കാര്‍. ഇതോടെ ഇത്തരക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്ന സ്ഥിതിയാകും. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 

പിഎസ്‌സി അംഗങ്ങളായിരുന്ന പി.ജമീല, ഡോ. ഗ്രീഷ്മ മാത്യു, ഡോ. കെ.ഉഷ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ച ശേഷം പിഎസ്‌സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്ന നിലയില്‍ വിരമിക്കുന്ന മുഴുവന്‍ അംഗങ്ങള്‍ക്കും അവരുടെ സര്‍ക്കാര്‍ സര്‍വീസിലെ സേവനകാലത്തോടൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലുള്ള സേവനകാലം കൂടി പരിഗണിച്ച് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുനര്‍നിശ്ചയിക്കുന്നതിന് അനുമതി നല്‍കി എന്നാണ് ഉത്തരവില്‍ പറയുന്നത്. 

പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം പ്രതിമാസം 3.87 ലക്ഷമായും അംഗത്തിന്റെ ശമ്പളം 3.80 ലക്ഷമായും നേരത്തേ വര്‍ധിപ്പിച്ചിരുന്നു. ചെയര്‍മാന്റെ പെന്‍ഷന്‍ രണ്ടര ലക്ഷവും അംഗങ്ങളുടേത് രണ്ടേകാല്‍ ലക്ഷവും ആയി. അതോടെ സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്നതിക്കോള്‍ ഉയര്‍ന്ന പെന്‍ഷന്‍ പിഎസ്‌സി അംഗമെന്ന നിലയില്‍ ലഭിക്കുന്ന അവസ്ഥയാണുള്ളത്. പരാതിക്കാര്‍ ആദ്യം സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷനുള്ള ഓപ്ഷനാണ് നല്‍കിയിരുന്നത്. എന്നാല്‍ പിഎസ്‌സിയില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്ന ഘട്ടത്തില്‍ അതു ലഭിക്കണമെന്ന് ആവശ്യം ഇവര്‍ സര്‍ക്കാരിനു മുന്നില്‍ വച്ചു. നിലവിലെ ചട്ടങ്ങള്‍ പ്രകാരം അതു സാധ്യമല്ലെന്നും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതു തള്ളി. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

മുന്‍പ് ഇത്തരത്തില്‍ റീഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച മന്ത്രിസഭാ യോഗമാണ് പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി സര്‍വീസ് കാലയളവും ഉള്‍പ്പെടുത്താമെന്നു കാട്ടി ഉത്തരവിറക്കിയത്.

English Summary:

Kerala Government Grants Higher Pensions to PSC Officials: Kerala government orders pension recalculation for former PSC members, including their PSC service tenure alongside government service, leading to higher benefits following a High Court directive.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com