ഓപ്പറേഷൻ കെല്ലറിൽ കൊല്ലപ്പെട്ട കുട്ടേ കൊടുംഭീകരൻ; ലഷ്കർ ആക്രമണങ്ങളുടെ ആസൂത്രകൻ

Mail This Article
ന്യൂഡൽഹി ∙ ഓപ്പറേഷൻ കെല്ലെറിൽ കൊല്ലപ്പെട്ട ലഷ്കറെ തയിബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടേ ‘എ കാറ്റഗറി’ ഭീകരൻ. ആക്രമണങ്ങൾ ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നിർണായക പങ്കു വഹിക്കുകയും ഭീകരസംഘടനയിലേക്കു പുതിയ അംഗങ്ങളെ ചേർക്കുന്നതിനു നേതൃത്വം നൽകുകയും ചെയ്തയാളാണ് കുട്ടേയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കുട്ടേ അടക്കം മൂന്നു ഭീകരരെയാണ് ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കെല്ലർ വനമേഖലയിൽ സുരക്ഷാ സേന ഇന്നലെ ഏറ്റുമുട്ടലിൽ വധിച്ചത്. അദ്നാൻ ഷാഫി ധർ ആണ് കൊല്ലപ്പെട്ട രണ്ടാമൻ. മൂന്നാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഷോപിയാനിലെ ചോതിപോര ഹീർപോര സ്വദേശിയായ ഷാഹിദ് 2023 മാർച്ചിലാണു ലഷ്കറെ തയിബയിൽ ചേർന്നത്. സൈന്യം തിരഞ്ഞിരുന്ന ഏറ്റവും കുപ്രസിദ്ധരായ ഭീകരരിൽ ഒരാളാണ് ഷാഹിദ്. പഹൽഗാം ഭീകരാക്രമണം, കഴിഞ്ഞ മാസം ജർമൻ സഞ്ചാരികൾക്കും കശ്മീരിലെ ഡ്രൈവർക്കുമെതിരെ നടന്ന ആക്രമണം, കഴിഞ്ഞ വർഷം മേയിൽ ഹീർപോരയിലെ ബിജെപി സർപാഞ്ചിന്റെ കൊലപാതകം എന്നിവയടക്കം നിരവധി ആക്രമണങ്ങളുടെ പിന്നിൽ ഷീഹിദുണ്ടെന്നാണ് വിവരം. പഹൽഗാം ആക്രമണത്തിനു പിന്നാലെ ഷാഹിദിന്റെ പൊലീസ് ഇടിച്ചു നിരത്തിയിരുന്നു. ഷോപിയാൻ സ്വദേശിയായ അദ്നാൻ ഷാഫി ധർ 2024 ഒക്ടോബർ 18നാണു ലഷ്കറെ തയിബയിൽ ചേർന്നത്. അന്ന് വാഞ്ചിയിൽ അതിഥിത്തൊഴിലാളികളെ കൊലപ്പെടുത്തിയതിൽ ഇയാൾക്കു പങ്കുണ്ടെന്നാണു പൊലീസ് നൽകുന്ന വിവരം.
ഓപ്പറേഷൻ കെല്ലർ
പഹൽഗാം ആക്രമണത്തിനുപിന്നാലെ പാക്ക് ഭീകരർക്കുനേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷം, വനത്തിൽ ഒളിച്ചിരിക്കുന്ന ലഷ്കർ ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ കെല്ലർ. ദക്ഷിണ കശ്മീരിലെ ഷുക്‌രൂ കെല്ലെർ മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു ദൗത്യം. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്നു രാഷ്ട്രീയ റൈഫിൾസ് (ആർആർ) യൂണിറ്റിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു തിരച്ചിൽ നടത്തുകയായിരുന്ന സൈനികർക്കു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് മൂന്നു ഭീകരരെയും വധിച്ചത്.