എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ; വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് കൂടി

Mail This Article
ന്യൂഡൽഹി∙ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. സിആർപിഎഫാണ് സുരക്ഷ ഒരുക്കുന്നത്. 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ വിഭാഗത്തിൽനിന്ന് സെഡിലേക്ക് ഉയർത്തിയത്. രാജ്യത്തെവിടെ പോകുമ്പോഴും സായുധരായ സിആർപിഎഫ് സേനാംഗങ്ങൾ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും.
210 വിഐപികൾക്കാണ് സിആർപിഎഫ് നിലവിൽ സുരക്ഷ ഒരുക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദലൈലാമ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് സിആർപിഎഫാണ് സുരക്ഷ നൽകുന്നത്. ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് വിഐപികളുടെ സുരക്ഷ ശക്തമാക്കിയിരുന്നു.