ADVERTISEMENT

തിരുവനന്തപുരം∙ ‘‘ഓഫിസില്‍ പലരുടെയും മുന്നില്‍ വച്ചാണ് മര്‍ദിച്ചത്. എല്ലാവരും ഷോക്കായി പോയി. അടിക്കുമെന്ന് ആരും കരുതിയിരുന്നില്ല’’– വഞ്ചിയൂർ ജില്ലാ കോടതിയിലെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ച ശ്യാമിലി ജസ്റ്റിന്റെ നടുക്കം മാറിയിട്ടില്ല. ആറു മാസം പ്രായമുളള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി. പ്രസവം കഴിഞ്ഞ് മൂന്നു മാസം മുന്‍പാണ് ശ്യാമിലി തിരികെ ജോലിയില്‍ പ്രവേശിച്ചത്. ശ്യാമിലി ജസ്റ്റിന്റെ പരാതിയിൽ വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിൽ ബെയ്‌ലിൻ ദാസിനെതിരെ പൊലീസ് കേസെടുത്തു. മൂന്നര വര്‍ഷമായി ജൂനിയറായി ജോലി ചെയ്യുന്ന ശ്യാമിലിയെ പുറത്താക്കിയതായി കഴിഞ്ഞ ബുധനാഴ്ച ബെയ്‌ലിന്‍ പറഞ്ഞിരുന്നു. പുറത്താക്കാനുള്ള കാരണം ചോദിക്കുന്നതിനിടെയാണ് മുഖത്ത് മര്‍ദിച്ചതെന്നാണ് ശ്യാമിലിയുടെ പരാതി. ബെയ്‌ലിന്‍ ദാസ് മുന്‍പും മര്‍ദിച്ചുവെന്ന് യുവതി പരാതിപ്പെട്ടിട്ടിട്ടുണ്ട്. അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെ മര്‍ദിച്ചുവെന്നാണ് പരാതി.

പൊലീസ് അന്വേഷണത്തില്‍ പരാതിയില്ലെന്നും എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്നാണു കരുതുന്നതെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ശ്യാമിലി പറഞ്ഞു. ‘‘ ഡോക്ടറെ കണ്ടു. മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നാണ് പറഞ്ഞത്. നല്ല വേദനയുണ്ട്. സംസാരിക്കാനും ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ട്. ബാര്‍ കൗണ്‍സിലിന് ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു. അഭിഭാഷക സമൂഹത്തില്‍നിന്നു വലിയ പിന്തുണയാണ് ലഭിക്കുന്നത്. സുപ്രീംകോടതിയില്‍നിന്നു വരെ വിളിച്ച് പിന്തുണ അറിയിച്ചു’’–ശ്യാമിലി പറഞ്ഞു. 

‘‘മറ്റൊരു ജൂനിയറായ മിഥുനയോട് സംസാരിക്കുന്നതിനിടെയാണ് ക്യാബിനിൽനിന്ന് പുറത്തുവന്ന് സര്‍ എന്നെ അടിച്ചത്. അപ്പോള്‍ത്തന്നെ വീട്ടിലേക്കു വിളിച്ചു പറഞ്ഞു. ഭര്‍ത്താവും അനിയനും വന്നു. എന്റെ മുഖം കണ്ട് അവര്‍ ചൂടായി.  സീനിയര്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഓഫിസില്‍നിന്ന് ഒരു വക്കീലിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ സമ്മതിക്കില്ല എന്നാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞത്. സര്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ മുഖത്തു ഫയൽ വലിച്ചെറിഞ്ഞെന്ന് മറ്റൊരു ജൂനിയർ കള്ളം പറഞ്ഞു. അതുകേട്ട ഉടന്‍ എന്നോട് ഓഫിസില്‍ വരേണ്ടെന്ന് പറയുകയായിരുന്നു. അതിന്റെ കാരണം ചോദിച്ചപ്പോൾ അടിച്ചു’’–ശ്യാലിമി പറഞ്ഞു. 

അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവിലാണ്. പൊലീസ് ക്രിമിനല്‍ കേസ് എടുത്തതിനു പിന്നാലെയാണ് ബെയ്‌ലിന്‍ ഒളിവില്‍ പോയത്. ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്നു പൊലീസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ പരാതി ലഭിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞ് എത്തി യുവതിയുടെ മൊഴി എടുത്തതിനു ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറയുന്നു. ബെയ്‌ലിന്‍ ദാസ് ജില്ലാ സെഷന്‍ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം ആരംഭിച്ചു. 

English Summary:

Lawyer assault: Senior advocate Shyamali Justin violently assaulted by a fellow lawyer, prompting a police investigation and widespread condemnation. The accused, Bailin Das, is absconding, while Shyamali receives support from the legal community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com