14,200 കോടിയുടെ യുഎസ് – സൗദി പ്രതിരോധ കരാർ; ട്രംപിന് വൻ സ്വീകരണം, അകമ്പടിയായി വിമാനങ്ങൾ, കുതിരപ്പടയാളികൾ

Mail This Article
റിയാദ് ∙ വിവിധ വികസന പദ്ധതികൾക്കായി യുഎസിൽ 60,000 കോടി ഡോളർ നിക്ഷേപിക്കാൻ സൗദി തീരുമാനിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനത്തിലാണ് സുപ്രധാന തീരുമാനം. 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. യുഎസ് സഹകരണത്തിൽ 500 മെഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്റർ സൗദിയിൽ ആരംഭിക്കാനും ധാരണയായി. നിർമിതബുദ്ധി സാങ്കേതികവിദ്യയിലെ സഹകരണത്തിനു യുഎസിന്റെ എഐ ചിപ്പുകൾ സൗദിക്കു നൽകും.
സുരക്ഷാ കാരണങ്ങളാൽ ബൈഡൻ ഭരണകൂടം യുഎസ് എഐ ചിപ്പുകൾ നൽകിയിരുന്നില്ല. ഊർജമേഖലയിലെ സഹകരണമാണു സൗദി – യുഎസ് ബന്ധത്തിന്റെ മൂലക്കല്ലെന്നും നിക്ഷേപ അവസരങ്ങൾ പലമടങ്ങായി വർധിച്ചുവെന്നും സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. യുഎസിന്റെ മികച്ച യുദ്ധവിമാനമായ എഫ് 35 വാങ്ങുന്നതിനുള്ള താൽപര്യം സൗദി അറിയിച്ചെങ്കിലും ട്രംപ് ഉറപ്പുനൽകിയില്ല. വിശ്വസ്ത സഖ്യ രാജ്യങ്ങൾക്കു മാത്രമാണ് യുഎസിന്റെ എഫ് 35 ജെറ്റുകൾ നൽകിയിട്ടുള്ളത്.
ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി അറേബ്യൻ ചീറ്റപ്പുലിയെ സൗദി യുഎസിനു നൽകും. ചീറ്റപ്പുലിയെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൈമാറ്റം. സൗദി – ഇസ്രയേൽ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്. ഇസ്രയേലുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനു ഗാസയിൽ വെടിനിർത്തണമെന്ന നിബന്ധന സൗദി മുന്നോട്ടു വച്ചതായാണു വിവരം. ഇന്നു റിയാദിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ട്രംപ് ദോഹയിലേക്കു തിരിക്കും. നാളെ അബുദാബിയിൽ എത്തും.
അകമ്പടിയായി വിമാനങ്ങൾ, കുതിരപ്പടയാളികൾ
റിയാദ് ∙ മണ്ണിലും വിണ്ണിലും രാജകീയ സ്വീകരണമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സൗദി ഒരുക്കിയത്. പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനം സൗദി വ്യോമാതിർത്തിയിൽ എത്തിയതോടെ സൗദിയുടെ എഫ് 15 വിമാനം അകമ്പടി നൽകി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണു ട്രംപിനെ സ്വീകരിച്ചത്. പിന്നീട്, റിയാദ് റോയൽ പാലസിലും യുഎസ് പ്രസിഡന്റിനു സ്വീകരണം ഒരുക്കിയിരുന്നു. ടെസ്‌ല സിഇഒ ഇലോൺ മസ്ക്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ഓപ്പൺ എഐ തലവൻ സാം ആൾട്ട്മാൻ എന്നിവരും ട്രംപിനൊപ്പം ഉണ്ടായിരുന്നു.