ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടനയിൽ ഇത്തരമൊരു വ്യവസ്ഥ ഇല്ലാതിരിക്കെ പരമോന്നത കോടതിക്ക് എങ്ങനെയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാൻ കഴിയുക എന്ന് രാഷ്ട്രപതി ചോദിച്ചു. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടി രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചു. 

ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരമാണ് സുപ്രീം കോടതിയോട് രാഷ്ട്രപതി  ചോദ്യം ഉന്നയിച്ചത്. ഗവർണർക്കും രാഷ്ട്രപതിക്കും ബാധകമായുള്ള ഭരണഘടനയുടെ 200, 201 വകുപ്പുകളിൽ ബില്ലുകളിൽ പരിഗണിക്കുമ്പോൾ സമയപരിധി നിശ്ചയ്ക്കാത്ത സാഹചര്യത്തിൽ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇതിൽ ഇത്തരത്തിൽ വിധി പുറപ്പെടുവിക്കാനാകുക എന്നാണ് രാഷ്ട്രപതി ചോദിച്ചത്. 

സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഏപ്രിൽ എട്ടിനാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. തമിഴ്നാട് ഗവർണർക്കെതിരായ കേസിലായിരുന്നു വിധി. ജസ്റ്റിസ്മാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും മുർമുവിനെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിധിയിൽ വ്യക്തത തേടിയുള്ള രാഷ്ട്രപതിയുടെ നിർണായക നീക്കം.

രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങൾ:

∙ ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്കു മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ്? 

∙ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥർ ആണോ?

∙ ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ഗവർണർമാർക്കുള്ള വിവേചനാധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?

∙ ഭരണഘടനയുടെ 200–ാം അനുച്ഛേദ പ്രകാരം ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് 361–ാം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ബാധകമല്ലേ? 

∙ ബില്ലുകളിൽ തീരുമാനം എടുക്കാൻ ഭരണഘടനയിൽ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിക്കാനാകുമോ?

∙ ഭരണഘടനയുടെ 201–ാം അനുച്ഛേദപ്രകാരം രാഷ്‌ട്രപതിക്ക് ഭരണഘടനാപരമായ വിവേചന അധികാരമില്ലേ?

∙ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടനയിൽ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ കോടതിക്ക് അതിൽ സമയപരിധിയും എങ്ങനെ തീരുമാനം എടുക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ?

∙ ഭരണഘടനയുടെ 143ാം അനുച്ഛേദ പ്രകാരം, ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്‌ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ? ബില്ലുകൾ നിയമം ആകുന്നതിന് മുൻപ് അതിലെ ഉള്ളടക്കം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരം ഉണ്ടോ?

∙ അനുച്ഛേദം 142 പ്രകാരം, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ കോടതിക്ക് കഴിയുമോ?

∙ നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരമില്ലാതെ നിയമമാക്കാൻ സാധിക്കുമോ? 

∙ അനുച്ഛേദം 145(3) പ്രകാരം, ഭരണഘടന വ്യാഖ്യാനങ്ങൾ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച് ആദ്യം തീരുമാനം എടുക്കണമെന്ന നിബന്ധനയില്ല. അഞ്ചംഗ ജഡ്ജിമാർ ഉൾപ്പെടുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അല്ലേ പരിഗണിക്കേണ്ടത്?

∙ മൗലിക അവകാശ ലംഘനം ഉണ്ടാകുമ്പോൾ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 32–ാം അനുച്ഛേദം ഉപയോഗിച്ച് കേന്ദ്ര സർക്കാരിന് എതിരെ സംസ്ഥാനങ്ങൾ നൽകുന്ന റിട്ട് ഹർജി നിലനിൽക്കുമോ?

∙ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന് എതിരെ ഭരണഘടനയുടെ 131–ാം അനുച്ഛേദ പ്രകാരം സ്യൂട്ട് ഹർജി അല്ലേ നൽകേണ്ടത്?

English Summary:

‘Can timelines be imposed and manner of exercise be prescribed through judicial orders?’: President Murmu asks Supreme Court on assent to Bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com