ADVERTISEMENT

ന്യൂ‍ഡൽഹി∙ ഇന്ത്യ -പാക്ക് സംഘർഷത്തിനു പിന്നാലെ തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിച്ച് ഇന്ത്യ. വ്യോമയാന മന്ത്രാലയമാണ് ടർക്കിഷ് കമ്പനിയായ ‘സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി’ന്റെ സുരക്ഷാ അനുമതി റദ്ദാക്കിയിരിക്കുന്നത്. ദേശസുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ അനുമതി റദ്ദാക്കിയതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഒരു തുർക്കി കമ്പനിക്കെതിരെ ഇന്ത്യ നടത്തുന്ന ആദ്യ പരസ്യ നീക്കമാണിത്. 

ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങളിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നൽകിയതിനെ എതിർത്ത അപൂർവ രാജ്യങ്ങളിലൊന്നായിരുന്നു തുർക്കി. ഇന്ത്യ നടത്തിയ ആക്രമണത്തിനിടെ പാക്കിസ്ഥാനെ തുർക്കി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. മേയ് 8ന് രാത്രി ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ പ്രയോഗിച്ച ഡ്രോണുകളിൽ ഭൂരിഭാഗവും തുർക്കി നിർമിതമാണെന്നു കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നതിനു മുൻപ് തുർക്കിയുടെ യുദ്ധക്കപ്പൽ കറാച്ചിയിൽ എത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ തുർക്കി വ്യോമസേനയുടെ സി-130 വിമാനവും കറാച്ചിയിൽ ഇറങ്ങി. 

പാക്കിസ്ഥാന് തുർക്കി നൽകുന്ന പിന്തുണയ്ക്ക് എതിരെ വൻ പ്രതിഷേധമാണ് ഇന്ത്യയിൽ ഉയരുന്നത്. തുർക്കിയുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ബഹിഷ്കരിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയരുന്നുണ്ട്. ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കി യാത്രകൾ റദ്ദാക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. അതിനിടെ ജെഎൻയു ഉൾപ്പെടെ ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പരിപാടികളും റദ്ദാക്കി. പല യാത്രാ വെബ്‌സൈറ്റുകളും തുർക്കി ടൂറിസം പരിപാടികൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. തുർക്കിയുമായുള്ള എല്ലാ വ്യാപാര കരാറുകളും അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അറിയിച്ചു. തുർക്കിയുടെയും അസർബൈജാന്റെയും സമ്പൂർണ്ണ വ്യാപാര ബഹിഷ്കരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സിഎഐടി നാളെ ന്യൂഡൽഹിയിൽ യോഗം ചേരുന്നുണ്ട്. 

സെലിബി ഏവിയേഷൻസിന് കീഴിൽ രണ്ട് സ്ഥാപനങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഗ്രൗണ്ട് ഹാൻഡ്‌ലിങ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യയും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സെലിബി ഡൽഹി കാർഗോ ടെർമിനൽ മാനേജ്‌മെന്റ് ഇന്ത്യയും. സുരക്ഷാ അനുമതി റദ്ദാക്കിയതോടെ ഈ രണ്ട് കമ്പനികളുടെയും ഇന്ത്യയിലെ പ്രവർത്തനം തടസപ്പെടും.

English Summary:

National Security Concerns: India Revokes Security Clearance of Turkish Firm Celebi Amidst National Security Concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com