കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ലോറി പിന്നോട്ട്; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ

Mail This Article
കോഴിക്കോട് ∙ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ടു പിന്നോട്ടുവന്ന ലോറിയിൽ നിന്ന് സ്കൂട്ടർ യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് അദ്ഭുതകരമായി. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് സൂചന. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ലിയുആർഡിഎമ്മിനു സമീപമാണ് അപകടമുണ്ടായത്. പെരിങ്ങളം സ്വദേശി അശ്വതിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അശ്വതിക്ക് കൈക്ക് നേരിയ പരുക്കേറ്റു. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
കയറ്റം കയറുന്നതിനിടെ മുന്നില്‍ പോയ ലോറി പെട്ടെന്നു പിറകോട്ട് നീങ്ങി യുവതി ഓടിച്ച ഇരുചക്രവാഹനത്തില്‍ കയറിയിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനത്തില്‍ നിന്ന് ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചുവീണതിനാലാണ് യുവതി രക്ഷപ്പെട്ടത്. ഹോളോബ്രിക്സുമായി മെഡിക്കൽ കോളജ് ഭാഗത്തേക്കു പോവുകയായിരുന്നു ലോറി. റോഡരികിലെ മരത്തിൽ ഇടിച്ചാണ് ലോറി നിന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ലോറിക്കു പിന്നിൽ വന്ന ബൈക്ക് യാത്രക്കാരടക്കം വെട്ടിച്ചു മാറിയതിനാലാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.