‘പാക്കിസ്ഥാന് നൽകിയ തിരിച്ചടി അവർ മറക്കില്ല; ഭീകരത അവസാനിപ്പിക്കാൻ രാജ്യം ഏതറ്റം വരെയും പോകും’

Mail This Article
ശ്രീനഗർ∙ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആദ്യമായി ജമ്മു കശ്മീരിൽ. സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച അദ്ദേഹം സൈനികരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരതയ്‌ക്കെതിരായ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്നും ഭീകരത അവസാനിപ്പിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം.
പാക്കിസ്ഥാന് ഇന്ത്യൻ സേന നൽകിയ തിരിച്ചടി അവർ മറക്കില്ല. നമ്മുടെ സേനയിൽ രാജ്യത്തിന് അഭിമാനമുണ്ടെന്ന ജനങ്ങളുടെ സന്ദേശം കൈമാറാൻ കൂടിയാണ് ഈ സന്ദർശനമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധം മാത്രമല്ല, സന്ദർഭമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ കാണിച്ചു കൊടുത്തു. എവിടെ ഒളിച്ചാലും ഭീകരരുടെ താവളം തകർക്കുമെന്ന് ഇന്ത്യ തെളിയിച്ചതായും മന്ത്രി പറഞ്ഞു.
ഈ ആഴ്ച ആദ്യം പഞ്ചാബിലെ ആദംപുർ വ്യോമതാവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഒരു സൈനിക കേന്ദ്രത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ആദംപുരിലേത്.
‘‘ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളൊന്നും നശിപ്പിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ സ്ഥാനം എവിടെയാണെന്നു കാണിച്ചു കൊടുക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. ഞങ്ങളുടെ മണ്ണിൽ ഭീകരത തുടർന്നാൽ നിങ്ങളെ നശിപ്പിക്കും’’– ആദംപുർ വ്യോമതാവളത്തിൽ സൈനികരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയിരുന്നു.