രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി നശിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ–അപകട ദൃശ്യങ്ങൾ പുറത്ത്

Mail This Article
പന്തീരാങ്കാവ് (കോഴിക്കോട്) ∙ രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തി നശിച്ചു. രാമനാട്ടുകര വെങ്ങളം ദേശീയ പാത 66ൽ അറപ്പുഴ പാലത്തിന് സമീപം ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം.
കുന്നമംഗലം പയിമ്പ്ര സ്വദേശി മണിയാടത്ത് പുറായിൽ ജയചന്ദ്രൻ (37) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സ്റ്റിയറിങ് ജാമായി പരുക്കേറ്റ ജയചന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ ബാഗ് പ്രവർത്തിച്ചതിനാലാണ് അത്യാഹിതം ഒഴിവായത്.
രാമനാട്ടുകര ഭാഗത്തു നിന്ന് തൊണ്ടയാട് ഭാഗത്തേക്കു വന്ന കാർ ഡിവൈഡറിൽ ഇടിച്ചു കത്തുകയായിരുന്നു. കാടാമ്പുഴ ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്നു ജയചന്ദ്രൻ. ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചത്.
മീഞ്ചന്ത അഗ്നിശമന കേന്ദ്രത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.ശിഹാവുദ്ദീൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സനൽ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചു.