രക്ഷിതാവ് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങി 15 കാരൻ, ഒപ്പം മറ്റ് 2 ആൺകുട്ടികളും, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

Mail This Article
പത്തനംതിട്ട ∙ വീട്ടിൽ വഴക്കുപറഞ്ഞതിന്റെ പേരിൽ നാടുവിടാൻ വീടുവിട്ടിറങ്ങിയ കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്. നാടുവിടാൻ മൊബൈൽ ഫോൺ ഓഫാക്കി ഒരുങ്ങിയിറങ്ങിയ കുട്ടികളിൽ ഒരാൾ കയ്യിൽ ആവശ്യത്തിന് കാശില്ലാതെ കുഴങ്ങിയതോടെ പല ചങ്ങാതിമാരെയും സമീപിച്ചിരുന്നു. ഒടുവിൽ രക്ഷയില്ലാതെ ഫോൺ ഓണാക്കി മറ്റൊരു കൂട്ടുകാരന്റെ വീട്ടിലേക്കു വിളിച്ചതോടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പന്തളം പൊലീസ് ഇവരെ കണ്ടെത്തിയത്. ഫോൺ നമ്പർ പിന്തുടർന്ന അന്വേഷണസംഘം തന്ത്രപൂർവം ലൊക്കേഷൻ മനസ്സിലാക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 5.30ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് കൂട്ടുകാർ ഒരുമിച്ച് നാടുവിടാൻ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്. എറണാകുളം പോകാനായിരുന്നു മൂവരും ഉദ്ദേശിച്ചത്. എന്നാൽ ആവശ്യത്തിനുള്ള പണം ലഭ്യമാകാതിരുന്നതുകാരണം പോകാൻ സാധിച്ചില്ല. വീടുവിട്ടിറങ്ങിയ 15കാരന്റെ മാതാവിന്റെ മൊഴിപ്രകാരം രാത്രി ഒരു മണിയോടെ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നാടുവിടാൻ ഇറങ്ങിയ കുട്ടികൾ ഒരുമിച്ചൊരു സ്കൂളിൽ പഠിക്കുന്നവരാണ്. രണ്ടുപേർ ബന്ധുക്കളുമാണ്. സ്റ്റേഷനിൽ പരാതി നൽകിയ വീട്ടമ്മ, മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്ന് പൊലീസിനെ അറിയിച്ചിരുന്നു.
കുട്ടികളിൽ ഒരാൾ ഫോൺ ഓണാക്കിയതോടെയാണ് പൊലീസ് ഇവരുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞത്. തുടർന്ന് പന്തളം കുരമ്പാലയിൽനിന്ന് ഇന്ന് രാവിലെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. എങ്ങനെയെങ്കിലും പണം കണ്ടെത്തി ട്രെയിനിൽ കയറി എറണാകുളത്തേക്കു കടക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. അടൂർ ജെഎഫ്എം കോടതിയിൽ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം അയച്ചു. കുട്ടികളെ വീടുകളിൽ എങ്ങനെ തന്ത്രപരമായി കൈകാര്യം ചെയ്യണമെന്നു രക്ഷിതാക്കൾക്ക് ക്ലാസ്സ് കൊടുക്കാനും പന്തളം പൊലീസ് മറന്നില്ല.