ADVERTISEMENT

ന്യൂഡൽഹി∙ കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതിയിൽ പോയി ക്ഷമ ചോദിക്കാനും അൽപം വിവേകം കാണിക്കാനും സുപ്രീം കോടതി പറഞ്ഞു. മന്ത്രിയുടെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ സംസാരത്തിൽ വിവേകം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയാണ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. 

ഓപ്പറേഷൻ സിന്ദൂറിന്റെ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’യെന്ന് ആക്ഷേപിച്ചതിന് വിജയ്ഷായ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇൻഡോറിലെ മാൻപുർ സ്റ്റേഷനിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ ഐക്യം തകർക്കൽ, ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മന്ത്രിക്കെതിരെ കേസെടുക്കാനും എഫ്ഐആറിന്റെ പകർപ്പ് ഇന്നു ഹാജരാക്കാനും മധ്യപ്രദേശ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. നിർദേശം ലംഘിച്ചാൽ ഡിജിപിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ട് മോദി പാഠം പഠിപ്പിച്ചെന്നാണ് ഇൻഡോറിൽ വിജയ് ഷാ പ്രസംഗിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവും കയ്യൊഴിഞ്ഞതോടെ വിവാദത്തിൽ വിജയ് ഷാ ഒറ്റപ്പെട്ടു. തന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തുവട്ടം മാപ്പു പറയാൻ തയാറാണെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു. 

English Summary:

Vijay Shah Faces Supreme Court Wrath Over Colonel Khureshi Slur: "Go And Apologise": Supreme court To Minister Over Colonel Sofiya Qureshi Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com