ദൗർബല്യം മനസ്സിലാക്കണം, 3 ജില്ലകളിൽ ശ്രദ്ധിക്കണം, സ്ഥാനാർഥികളാകേണ്ടത് ഇവർ: കോൺഗ്രസിന്റെ രഹസ്യ റിപ്പോർട്ട്

Mail This Article
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോൺഗ്രസിന്റെ രഹസ്യ സർവേ. തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അതീവ ശ്രദ്ധ വേണ്ടതെന്നു സ്വകാര്യ ഏജൻസി ഹൈക്കമാൻഡിനു കൈമാറിയ സർവേ റിപ്പോർട്ടിൽ പറയുന്നു. ഈ ജില്ലകളിലെ ബിജെപി സാന്നിധ്യം തിരിച്ചറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരും. അടിത്തട്ട് മുതലുള്ള സംഘടനാ ദൗർബല്യം മനസിലാക്കണം. കൃത്യമായി പഠിച്ചു പ്രാദേശിക സ്വാധീനമുള്ളവരെ സ്ഥാനാർഥികളാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെത്തിയ കെപിസിസിയുടെ പുതിയ നേതൃത്വവുമായി ഹൈക്കമാൻഡ് ചർച്ച ചെയ്തത് ഈ റിപ്പോർട്ട് വച്ചാണ്.
വാർഡിലെ ഓരോ വീടിനെക്കുറിച്ചും സമഗ്ര വിവരങ്ങൾ അടങ്ങിയ സർവേ നടത്തി വീടുകയറി ബന്ധങ്ങൾ ദൃഢമാക്കാൻ കെപിസിസി തീരുമാനിച്ചിട്ടുണ്ടെങ്കിലും കുടുംബ സംഗമങ്ങൾക്ക് അപ്പുറത്തേക്കു കാര്യങ്ങൾ കടന്നിട്ടില്ല. വാർഡിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ പേരും വിവരവും ഉൾപ്പെടുത്തിയ കുടുംബ റജിസ്റ്റർ യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിൽ വരുത്തേണ്ടതുണ്ട്. മാസത്തിൽ ഒരു തവണ എങ്കിലും ഒരു വീട്ടിൽ വാർഡ് കമ്മിറ്റി അംഗങ്ങൾ എത്തും. സോഷ്യൽ എൻജിനീയറങ്ങിന്റെ ഭാഗമായി വിവിധ സാമൂഹിക ഗ്രൂപ്പുകളുമായി ഊഷ്മള ബന്ധം സ്ഥാപിക്കണമെന്നും താഴെത്തട്ടിൽ കർശന നിർദേശമുണ്ട്.
പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വികസനരേഖയും പ്രതിപക്ഷത്ത് ഇരിക്കുന്നയിടങ്ങളിൽ കുറ്റപത്രവും തയാറാക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കാനുള്ള ബ്ലോക്ക്, വാർഡ്‌തല ശിൽപശാലകൾ പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ വാർഡ് പുനർവിഭജനം പൂർത്തിയാകുമെന്നാണ് കണക്കുക്കൂട്ടൽ. സ്ഥാനാർഥികളെ തീരുമാനിക്കാൻ വാർഡ് കമ്മിറ്റികൾക്കു പൂർണ സ്വാത്രന്ത്ര്യം നൽകിയുള്ള കെപിസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ ഇതിനുശേഷമുണ്ടാകും.
ജില്ലാ തലങ്ങളിൽ കോർ കമ്മിറ്റികൾ ഇടപെട്ടിട്ടും തീരാത്ത പ്രശ്നങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പരിഹരിക്കാൻ വർക്കിങ് പ്രസിഡന്റുമാരും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഉൾപ്പെട്ട സംഘത്തെ പാർട്ടി നിയോഗിച്ചിരുന്നു. ഈ മാസം മുതൽ സംഘം ജില്ലാതല സന്ദർശനം നടത്താനിരിക്കെയാണ് വർക്കിങ് പ്രസിഡന്റുമാരെ അപ്രതീക്ഷിതമായി മാറ്റിയത്. പുതിയ നേതൃത്വത്തിനു ഇക്കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കേണ്ടതുണ്ട്.