ADVERTISEMENT

കൊച്ചി ∙ നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെയുള്ള തെളിവുകൾ ശക്തം. സിസിടിവി ദൃശ്യങ്ങൾ, മരിച്ച ഐവിൻ ജിജോ (24) ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ, ദൃക്സാക്ഷികളുടെ മൊഴികൾ തുടങ്ങിയവയെല്ലാം സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മനഃസാക്ഷിയില്ലാത്ത പ്രവൃത്തിക്ക് തെളിവാണ്. 

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ സിഐഎസ്എഫ് കോൺസ്റ്റബിൾ മോഹൻ കുമാർ, ഇന്നലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ സിഐഎസ്എഫ് എസ്ഐ വിനയ് കുമാർ ദാസ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രവൃത്തിക്കെതിരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധവും നടക്കുന്നുണ്ട്. ഐവിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.

ഐവിനുമായി പ്രശ്നമുണ്ടാക്കുന്ന സമയത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കാറുകൾ ഉരസിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും സ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ചിട്ടും വാഹനത്തിന്റെ മുന്നിൽ കയറിനിന്ന് ഐവിൻ ഫോണിൽ സംഭവം ചിത്രീകരിച്ചപ്പോഴാണ് ഇടിച്ചതെന്നും ഉദ്യോഗസ്ഥർ മൊഴി നൽകിയതായാണ് സൂചന. ഇരുവരെയും ഒരുമിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്യുന്നുണ്ട്. തർക്കമുണ്ടായ സ്ഥലത്തു നിന്ന്, ഇടിച്ച് ബോണറ്റിലിട്ട ഐവിനുമായി ഒരു കിലോമീറ്ററോളം ദൂരം കാർ അതിവേഗം പായുന്നത് നാട്ടുകാർ കണ്ടിരുന്നു. ഒടുവിൽ നാട്ടുകാരുടെ ബഹളത്തെ തുടർന്ന് വാഹനം നിർത്തിയപ്പോഴാണ് ഐവിൻ താഴെ വീഴുന്നത്. 

കാറിനടിയിലേക്ക് വീണ ഐവിനുമായി 20–30 മീറ്ററോളം ഇവർ വീണ്ടും സഞ്ചരിച്ചതിന്റെ പാടുകൾ റോഡിൽ ഉണ്ടായിരുന്നു. ഒടുവിൽ ടയറുകൾ കറങ്ങുന്നില്ല എന്നായപ്പോഴാണ് ഇവർ കാർ നിർത്തിയത്. ഇതിനിടെ തടിച്ചു കൂടിയ നാട്ടുകാർ കാറോടിച്ചിരുന്ന വിനയ്കുമാർ ദാസിനെ കയ്യേറ്റം ചെയ്തു. മോഹൻ കുമാർ സ്ഥലത്തു നിന്ന് ഓടിപ്പോവുകയും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പിറ്റേന്ന് വിമാനത്താവളത്തിൽ ജോലിക്ക് ഹാജരാവുകയും ചെയ്തു. അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന ചോദ്യം ചെയ്യലിനു ശേഷം വിനയ്കുമാർ ദാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തും. നാട്ടുകാരുടെ മർദനമേറ്റ വിനയ്കുമാറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് അറിവ്. വൈകിട്ടോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.  

പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഐവിന്റെ മൃതദേഹം അങ്കമാലി തുറവൂർ ആരിശ്ശേരിൽ വീട്ടിലെത്തിച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിന് പേരാണ് ഐവിനെ അവസാനമായി ഒരുനോക്കു കാണാൻ ഈ വീട്ടിലേക്ക് എത്തുന്നത്. ജനങ്ങള്‍ക്ക് സംരക്ഷണം നൽകേണ്ടവർ തന്നെ അവരുടെ ജീവനെടുക്കുകയാണെന്ന് ഐവിന്റെ മാതാപിതാക്കൾ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. സിഐഎഎസ്എഫിനെതിരെ വലിയ ജനരോഷം പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. തുറവൂർ പഞ്ചായത്തിൽ ഇന്നുച്ചയ്ക്ക് കടകള്‍ അടച്ച ശേഷം നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് ഇന്നു രാവിലെ നെടുമ്പാശേരിയിലെ സിഐഎസ്എഫ് ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ഐവിനെ കൊലപ്പെടുത്തിയ നായത്തോട് പ്രദേശം സിഐഎസ്എഫുകാർ അടക്കമുള്ളവർ വാടകയ്ക്ക് താമസിക്കുന്ന സ്ഥലമാണ്. ചില സിഐഎസ്എഫുകാർ ഇടയ്ക്കിടെ തങ്ങളുമായി വാക്കുതർക്കം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തിയിരുന്നു.

English Summary:

Ivin Gijo's death: Youth died after being hit by a CISF officer's car in Nedumbassery, sparking outrage and protests. Police are investigating the incident based on CCTV footage, eyewitness accounts and the deceased's phone recordings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com