സിഗരറ്റ് വാങ്ങി നൽകിയില്ല, ടെക്കിയെ പിന്തുടർന്നെത്തി കാറിടിച്ച് കൊലപ്പെടുത്തി യുവാവ്; ഒടുവിൽ അറസ്റ്റ്

Mail This Article
ബെംഗളൂരു∙ സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ടെക്കിയെ കാറിടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിൽ മേയ് 10ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. സോഫ്റ്റ്‌വെയർ എൻജിനീയറായ സഞ്ജയ് (29) ആണ് കൊല്ലപ്പെട്ടത്. മേയ് 13ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഞ്ജയ് മരിച്ചത്. സഞ്ജയ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന ചേതൻ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ടെക്കികളെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതീകിനെ പൊലീസ് പിടികൂടിയത്.
ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന സഞ്ജയും ചേതനും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇതിനിടെ വഴിയരികിൽ നിർത്തി ചായ കുടിക്കുന്നതിനിടെ കാറിലെത്തിയ പ്രതീക് (31) സഞ്ജയോട് കടയിൽനിന്ന് സിഗരറ്റ് വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ സഞ്ജയ് ആവശ്യം നിരസിച്ചതോടെ തർക്കമായി. തുടർന്ന് കടയുടമ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. ബൈക്കിൽ താമസസ്ഥലത്തേക്കു പുറപ്പെട്ട സഞ്ജയിയെയും ചേതനെയും കാറിൽ പിന്തുടർന്നെത്തിയ പ്രതീക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കനകപുര റോഡിലെ വസന്തപുര ക്രോസില്‍ വച്ചാണ് പ്രതീക് ബൈക്കിലേക്ക് കാർ ഇടിച്ചു കയറ്റിയത്.
അപകടം നടന്നതിനു പിന്നാലെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതീകിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രതി സമ്മതിച്ചത്. ബെംഗളൂരു രാജരാജേശ്വരി നഗർ സ്വദേശിയായ പ്രതീക് സ്വകാര്യ കമ്പനിയിൽ മാനേജരാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചതോടെയാണ് അപകടമരണമല്ല, മറിച്ച് കൊലപാതകമാണെന്നു തിരിച്ചറിഞ്ഞത്. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം ഭാര്യയോടൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സുബ്രഹ്മണ്യപുര പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.