ADVERTISEMENT

കാസർകോട്∙ രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി.രേഷ്മയുടെ (17) തിരോധാനക്കേസിൽ പ്രതിയെ 15 വർഷങ്ങള്‍ക്കുശേഷം പിടികൂടി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നു നടത്തിയ ഡിഎൻഎ പരിശോധനയിൽ‌ അത് രേഷ്മയുടേതാണെന്നു തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. പോക്സോ കേസ് ആയി പരിഗണിക്കുമെന്ന് കാസർകോട് നടത്തിയ വാർത്താസമ്മേളനത്തിൽ പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 

രേഷ്മയുടെ തിരോധാനം

2010 ജൂൺ 6നാണ് ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് ‌പിതാവ് എം.സി.രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി.

തുടർന്ന് 2021ൽ ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്തു. 2022 വരെ കേസ് തുടർന്നു. എന്നാൽ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർ‌ന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാകാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടർന്ന് കുടുംബം വീണ്ടും കോടതിയിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്. 2024 ഡിസംബർ 9ന് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. 

തുടക്കം മുതൽ ബിജുവിനെ സംശയം

ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി ബന്ധുക്കളും ആദിവാസി സംഘടനകളും ആരോപിച്ചിരുന്നു. തുടർന്ന് 2021ൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് കേരള പട്ടിക ജാതി സമാജം (കെപിജെഎസ്) സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കുടുംബത്തോടൊപ്പം ചേർന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പ്രതിയുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. 

English Summary:

Biju Paulose's arrest marks a significant breakthrough in the 15-year-old Kasargod Reshma missing case: DNA evidence from a recovered bone fragment confirmed Reshma's identity, leading to his arrest after years of investigation and legal battles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com