‘ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്ന്’; ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റു

Mail This Article
വത്തിക്കാൻ സിറ്റി∙ ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണം. ഐക്യമുള്ള സഭയാണ് തന്റെ ആദ്യത്തെ ആഗ്രഹമെന്നും മാർപാപ്പ പറഞ്ഞു. റോമൻ കത്തോലിക്കാ സഭയുടെ 267-ാമത് തലവനായുള്ള ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ വത്തിക്കാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സ്നേഹത്തിന്റെ സമയമാണ്. ലോക സമാധാനത്തിനായി ഒരുമിക്കണം. സമാധാനമുള്ള ഒരു പുതിയ ലോകത്തിലേക്ക് നടക്കണം. സ്നേഹിക്കാൻ മനുഷ്യനു സാധിക്കണം. ദൈവ സ്നേഹം ഉള്ളിൽ നിറയുമ്പോൾ മാത്രമേ അപരസ്നേഹം സാധ്യമാവുകയുള്ളൂ. സ്നേഹത്തിന്റെ പാലങ്ങൾ തീർക്കണം. അങ്ങനെ പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് കുർബാന ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പ തുറന്ന വാഹനത്തിൽ വത്തിക്കാൻ ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീർവദിച്ചു. കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാണ് മാർപാപ്പ കുർബാനയ്ക്കെത്തിയത്. വിവിധ സഭാപ്രതിനിധികളും രാഷ്ട്രത്തലവന്മാരും ചടങ്ങിൽ പങ്കെടുത്തു.
അതേസമയം സ്ഥാനാരോഹണ ചടങ്ങുകൾക്ക് ശേഷം വത്തിക്കാൻ, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അറിയിച്ചതോടെയാണ് വത്തിക്കാൻ സമാധാന ചർച്ചകൾക്കു വേദിയാകുമെന്ന് മാർക്കോ റൂബിയോ അറിയിച്ചത്. ശത്രുക്കളെ പരസ്പരം ഒന്നിപ്പിക്കാനും മുഖാമുഖം കാണാനും പരസ്പരം സംസാരിക്കാനും പരിശുദ്ധ സിംഹാസനം എപ്പോഴും തയ്യാറാണെന്നും ആളുകൾക്ക് വീണ്ടും പ്രത്യാശ കണ്ടെത്താനും അവർ അർഹിക്കുന്ന സമാധാനം വീണ്ടെടുക്കാനും അതിലൂടെ കഴിയുമെന്നും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞിരുന്നു.
സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങാണ് നയിച്ചത്. നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാട്ടണും സംഘത്തിലുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരാണു യുഎസ് പ്രതിനിധികൾ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്റോണി ആൽബനീസ്, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ്, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ചടങ്ങിൽ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ചത്വരത്തോടു ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാകും ലിയോ പതിനാലാമൻ മാർപാപ്പ താമസിക്കുക. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ സെന്റ് മാർത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.