ADVERTISEMENT

തിരുവനന്തപുരം ∙ സ്വര്‍ണമാല മോഷണം പോയെന്ന പരാതിയില്‍ ദലിത് യുവതി ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് ക്രൂരമായി മാനസിക പീഡനത്തിനിരയാക്കി 25 ദിവസം പിന്നിടുമ്പോള്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് മുഖംമിനുക്കാന്‍ പൊലീസ്. അപ്പോഴും ബാക്കിയാകുന്നത് നിയമപാലന സംവിധാനത്തില്‍ ഇപ്പോഴും തുടരുന്ന പുഴുക്കുത്തുകളെക്കുറിച്ചും സാധാരണക്കാര്‍ക്ക് നീതിയുടെ വാതില്‍ എത്രത്തോളം ദുഷ്‌കരമാണെന്നുള്ളതിനെക്കുറിച്ചുള്ള ആശങ്കകളും ചോദ്യങ്ങളുമാണ്. ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികം നാളെ ആഘോഷിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നീതിനിഷേധവും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് സംവിധാനത്തില്‍നിന്നുള്ള വീഴ്ചയും സംബന്ധിച്ച് ദലിത് യുവതി നടത്തിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനും തലവേദനയായി. 

ബിന്ദുവിന്റെ പ്രശ്‌നം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും കോണ്‍ഗ്രസ് ഉള്‍പ്പെടെ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് തല്‍ക്കാലം തലയൂരാന്‍ സര്‍ക്കാര്‍ നീക്കം ദ്രുതഗതിയിലാക്കിയത്. ഏപ്രില്‍ 18ന് നഷ്ടപ്പെട്ട മാലയുടെ പേരില്‍ ഓമനയെന്ന സ്ത്രീ 23ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്നുച്ചയ്ക്ക് ബിന്ദുവിനെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചത്. വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ സ്‌റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.

bindu-kerala-police-brutality
ബിന്ദു. (Videograb/Manorama News)

വിഷയത്തില്‍ പേരൂര്‍ക്കട പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് സ്‌പെഷല്‍ ബ്രാഞ്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. പ്രാഥമികനടപടി പോലും പൂര്‍ത്തിയാക്കാതെയാണ് ബിന്ദുവിനെ പ്രതിയാക്കിയത്. അനാവശ്യമായി ബിന്ദുവിനെ ദേഹ പരിശോധനയും നടത്തി. മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണ്. പരാതി വന്നത് 23നും. വൈകിവന്ന പരാതി ആയിട്ടും പരാതിക്കാരുടെ വീട് പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണം നടന്നു എന്നുറപ്പാക്കാതെയും മോഷണം നടന്ന സ്ഥലം പരിശോധിക്കാതെയും പ്രതിയെ തീരുമാനിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സ്വര്‍ണമാല മോഷ്ടിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയ വീട്ടുകാര്‍ക്കെതിരെയും നടപടി വേണമെന്നാണ് ബിന്ദു ആവശ്യപ്പെടുന്നത്. പരാതിക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള സ്വാധീനമാണോ പൊലീസിന്റെ നടപടികള്‍ക്കു പിന്നിലെന്നു പരിശോധിക്കപ്പെടുക തന്നെ വേണം.

പേരൂർക്കട പൊലീസ് സ്റ്റേഷന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ സമരത്തിൽ നിന്ന്. ചിത്രം: അരവിന്ദ്ബാല/ മനോരമ
പേരൂർക്കട പൊലീസ് സ്റ്റേഷന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ സമരത്തിൽ നിന്ന്. ചിത്രം: അരവിന്ദ്ബാല/ മനോരമ

പരാതിക്കാരുടെ വാക്ക് മാത്രം വിശ്വസിച്ച പൊലീസ് അവരുടെ വീട് പരിശോധിക്കാന്‍ പോലും കൂട്ടാക്കിയില്ല. സ്ത്രീകളെ രാത്രിയില്‍ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന ചട്ടം ലംഘിച്ച പൊലീസ് ബിന്ദുവിനു ഭക്ഷണം പോലും നിഷേധിച്ചത് ക്രൂരമായ മനുഷ്യാവകാശലംഘനമാണ്. നിരപരാധിത്വം ആവര്‍ത്തിച്ചിട്ടും ചോദ്യം ചെയ്യല്‍ തുടരുമ്പോഴാണ് ബിന്ദു കുറച്ചു വെള്ളം ആവശ്യപ്പെട്ടത്. എന്നാല്‍ ശുചിമുറിയിലെ ബക്കറ്റില്‍നിന്ന് എടുത്തു കുടിക്കൂവെന്നാണ് പ്രസന്നന്‍ എന്ന പൊലീസുകാരന്‍ പറഞ്ഞത്. 23ന് രാത്രി 9ന് കൃത്യമായ മൊഴിയോ വിവരമോ കിട്ടാതെ തന്നെ ബിന്ദുവിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. 

വീട്ടുജോലിക്കു പോയ അമ്മ മടങ്ങിവരാന്‍ വൈകുന്നതില്‍ ആകുലപ്പെട്ടിരുന്ന രണ്ടു പെണ്‍മക്കളുള്ള വീട്ടിലേക്കാണ് ഒരു മോഷ്ടാവിനെപ്പോലെ ബിന്ദുവിനെയും കൊണ്ടു പൊലീസെത്തിയത്. മാല കിട്ടാതെ വന്നതോടെ തിരിച്ചു വീണ്ടും സ്‌റ്റേഷനിലെത്തിച്ച് രാത്രി മുഴുവന്‍ ചോദ്യം ചെയ്തു. വനിതകളെ സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ തരത്തിലുള്ള ചട്ടങ്ങളും ലംഘിച്ചാണ് പൊലീസ് ബിന്ദുവിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചത്. വീട്ടിലേക്കു വിളിച്ചറിയിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടെങ്കിലും അതിനും അനുവദിച്ചില്ല.

പേരൂർക്കട പൊലീസ് സ്റ്റേഷന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ സമരത്തിൽ നിന്ന്. ചിത്രം: അരവിന്ദ്ബാല/ മനോരമ
പേരൂർക്കട പൊലീസ് സ്റ്റേഷന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ സമരത്തിൽ നിന്ന്. ചിത്രം: അരവിന്ദ്ബാല/ മനോരമ

പൊലീസ് സ്‌റ്റേഷനില്‍ വച്ച് കേട്ടാലറയ്ക്കുന്ന അസഭ്യമാണ് എസ്‌ഐയും ചില പൊലീസുകാരും വിളിച്ചതെന്നും അതുകേട്ട് പേടിച്ചു പോയെന്നും ബിന്ദു വെളിപ്പെടുത്തുന്നു. ചോദ്യം ചെയ്ത 20 മണിക്കൂര്‍‌ എന്തെങ്കിലും ആഹാരം നല്‍കുകയോ ഒരുതുള്ളി വെള്ളം കുടിക്കാന്‍ കൊടുക്കുകയോ പോലും പൊലീസ് ചെയ്തില്ല. കൊടുംകുറ്റവാളികള്‍ക്കു പോലും ഭക്ഷണം വാങ്ങി നല്‍കുന്ന നാട്ടിലാണ് ഒരു ദലിത് സ്ത്രീയെ രാത്രി മുഴുവന്‍ പട്ടിണിക്കിട്ട് പീഡിപ്പിച്ചത്. ഒടുവില്‍ പരാതിക്കാരുടെ വീട്ടില്‍നിന്നു തന്നെ മാല കണ്ടെത്തി എന്നറിഞ്ഞിട്ടുപോലും ബിന്ദുവിനോടു മര്യാദയ്ക്കു പെരുമാറാന്‍ എസ്‌ഐയോ പൊലീസുകാരോ തയാറായില്ല എന്നതും ക്രൂരതയുടെ നേര്‍സാക്ഷ്യമായി. മാല കിട്ടി, തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് തുറന്നുപറയാതെ കവടിയാര്‍, അമ്പലമുക്ക് ഭാഗത്തൊന്നും കണ്ടുപോകരുതെന്നും നാടുവിട്ടു പോയേക്കണമെന്നുമാണ് എസ്‌ഐ ഭീഷണിപ്പെടുത്തിയത്. മാല തിരിച്ചുകിട്ടിയിട്ടും എഫ്‌ഐആറില്‍നിന്ന് തന്റെ പേര് ഒഴിവാക്കാന്‍ പൊലീസ് തയാറാകാതെ വന്നതോടെയാണ് ബിന്ദുവിന് മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ഓഫിസിലേക്കു പരാതിയുമായി പോകേണ്ടിവന്നത്. അവിടെയും നീതിനിഷേധം തന്നെയായിരുന്നു കാത്തിരുന്നത്.

മേയ് മൂന്നിനാണ് ബിന്ദു അഭിഭാഷകനെയും കൂട്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതിയുമായി എത്തിയത്. പരാതി വായിച്ചു നോക്കുമെന്നാണ് ബിന്ദു പ്രതീക്ഷിച്ചത്. എന്നാല്‍ പരാതി വാങ്ങി മേശപ്പുറത്തു വച്ച ശേഷം തുറന്നുപോലും കൂട്ടാക്കാതെ കാര്യം തിരക്കുകയായിരുന്നു. മാലമോഷണവുമായി ബന്ധപ്പെട്ട കള്ളക്കേസ് സംബന്ധിച്ചാണ് പരാതി എന്നു പറഞ്ഞപ്പോള്‍ മാല മോഷണം പോയാല്‍ പൊലീസില്‍ പരാതി നല്‍കുന്നതും പൊലീസ് വിളിപ്പിക്കുന്നതും സ്വാഭാവികമാണെന്നും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുമാണ് മറുപടി ലഭിച്ചത്. 

തിരുവനന്തപുരം നഗരത്തില്‍നിന്ന് ഏറെ ദൂരയുള്ള സ്ഥലത്തുനിന്ന് അഭിഭാഷകനെയും കൂട്ടി സെക്രട്ടേറിയറ്റിലെത്തി ക്യൂനിന്ന് പാസ് എടുത്ത് നീതി ലഭിക്കുമെന്ന വലിയ പ്രതീക്ഷയോടെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ നേരിടേണ്ടിവന്ന പ്രതികരണം വല്ലാത്ത മനോവിഷമത്തിനിടയാക്കിയെന്ന് ബിന്ദു പറയുന്നു. പരാതിക്കടലാസ് ഒന്നു തുറന്നുനോക്കിയിരുന്നെങ്കില്‍ പോലും ഇത്രയും വിഷമം തോന്നില്ലായിരുന്നുവെന്നും ബിന്ദു പറഞ്ഞു. സാധാരണക്കാരിയായ ഒരു ദലിത് സ്ത്രീയ്ക്ക് പൊലീസില്‍നിന്നും ഭരണസംവിധാനത്തില്‍നിന്നും നേരിടേണ്ടിവന്ന ദുര്‍വിധിയുടെ പശ്ചാത്തലത്തിലാണ് നാളെ ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കപ്പെടുന്നത്.

English Summary:

Kerala Police Brutality to Dalit Woman: Bindhu's ordeal highlights police brutality and systemic injustice in Kerala. A Dalit woman's harrowing experience exposes corruption and denial of justice, casting a shadow on the government's fourth anniversary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com