ഇനി അത്ര മധുരം വേണ്ട! തുർക്കിയിൽ നിന്നുള്ള ഡ്രൈ ഫ്രൂട്സിനും നട്സിനും വിലക്ക്

Mail This Article
ന്യൂഡല്‍ഹി ∙ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കെതിരെ ഇന്ത്യയിൽ പ്രതിഷേധം ശക്തമാകുന്നു. ബേക്കറി ഉൽപന്നങ്ങളുടെ നിര്‍മാണത്തിനായി തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ബേക്കറി ഉൽപന്നങ്ങള്‍ക്കായുള്ള ഡ്രൈ ഫ്രൂട്‌സ്, നട്‌സ്, ജെല്‍സ്, ഫ്‌ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം.
ബേക്കറി ഉൽപന്നങ്ങൾക്കു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളിൽ നല്ലൊരു പങ്കും തുര്‍ക്കിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നേരത്തെ, തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങള്‍ ബഹിഷ്‌കരിക്കാൻ ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ആപ്പിൾ ഉൾപ്പെടെ നിരവധി പഴവർഗങ്ങളാണ് തുർക്കിയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ തുർക്കിയുടെ ആപ്പിൾ വ്യാപാരം ഏകദേശം 1,200-1,400 കോടി രൂപയാണ് വിലമതിക്കുന്നത്.
2023 ഫെബ്രുവരിയിൽ ഭൂചലനം നാശം വിതച്ച തുർക്കിയ്ക്ക് ഇന്ത്യ ഓപ്പറേഷൻ ദോസ്ത് എന്ന ദൗത്യത്തിലൂടെ നിരവധി സഹായം നൽകിയിരുന്നു. 100 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ, എൻഡിആർഎഫ് ടീമുകൾ, സൈനിക മെഡിക്കൽ യൂണിറ്റുകൾ, ഫീൽഡ് ആശുപത്രികൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയാണ് അന്ന് ഇന്ത്യ നൽകിയത്.