ADVERTISEMENT

ന്യൂഡൽഹി ∙ ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ‘ധർമശാല’ അല്ല ഇന്ത്യയെന്ന് സുപ്രീംകോടതി. ഇന്ത്യയിൽ അഭയാർഥി ആക്കണമെന്ന ശ്രീലങ്കൻ പൗരന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധമുണ്ടെന്നാരോപിച്ച് 2015ൽ അറസ്റ്റിലായ ശ്രീലങ്കൻ തമിഴ് പൗരന്റെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. 

‘‘ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് ഇന്ത്യ അഭയം നൽകണോ ? 140 കോടി ജനങ്ങളുമായി നമ്മൾ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തു നിന്നുമുള്ള വിദേശ പൗരന്മാരെ താമസിപ്പിക്കാൻ കഴിയുന്ന ഒരു ധർമശാലയല്ല ഇത്’’– ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു. നിയമപ്രകാരം കസ്റ്റഡിയിലെടുത്തതിനാൽ ഹർജിക്കാരന്റെ തടങ്കൽ ആർട്ടിക്കിൾ 21ന്റെ (ജീവനും സ്വത്തും സംരക്ഷിക്കപ്പെടാനുള്ള അവകാശം) ലംഘനമല്ലെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. ആർട്ടിക്കിൾ 19 (അഭിപ്രായ–സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ) ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിടെ സ്ഥിരതാമസമാക്കാൻ നിങ്ങൾക്ക് എന്താണ് അവകാശമെന്നും കോടതി ചോദിച്ചു. ശ്രീലങ്കയിൽ ഇയാളുടെ ജീവൻ അപകടത്തിലാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞെങ്കിലും മറ്റൊരു രാജ്യത്തേക്ക് മാറാനായിരുന്നു കോടതിയുടെ നിർദേശം. 

വീസ ഉപയോഗിച്ചാണ് താൻ ഇന്ത്യയിലെത്തിയതെന്നും സ്വന്തം നാട്ടിൽ തന്റെ ജീവൻ അപകടത്തിലാണെന്നും ശ്രീലങ്കൻ സ്വദേശി സുപ്രീം കോടതിയെ അറിയിച്ചു. ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്ഥിരതാമസമാക്കി. മൂന്നു വർഷത്തോളമായി താൻ തടങ്കലിൽ കഴിയുകയാണ്. നാടുകടത്തൽ നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.

യുഎപിഎ പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ 2018ൽ വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴു വർഷമായി വെട്ടിക്കുറച്ചു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോർട്ടേഷൻ ക്യാംപിൽ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.

English Summary:

Supreme Court Ruling Rejects Sri Lankan Refugee Plea: India is not a dharamshala (free shelter) that can entertain refugees from all over the world, the Supreme Court said today, refusing a Sri Lankan national's plea for refuge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com