ADVERTISEMENT

ന്യൂ‍ഡൽഹി∙ പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേനാ മേജർ ജനറൽ കാർ‌ത്തിക്.സി.ശേഷാദ്രിയാണ് സുവർണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. എന്നാൽ സുവർണ ക്ഷേത്രത്തിനു നേരെയുള്ള എല്ലാ ഭീഷണികളെയും ഇന്ത്യൻ സേന തടഞ്ഞിരുന്നുവെന്നും മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍‌ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിനു പ്രതികാരമായി മേയ് 7,8 ദിവസങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമൃത്സറിലെ സുവർണ ക്ഷേത്രം ലക്ഷ്യമിടാൻ ശ്രമിച്ചെന്നാണു സൈന്യം സ്ഥിരീകരിച്ചത്. 15-ാമത് ഇൻഫൻട്രി ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ആണ് മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി.

‘‘പാക്ക് സൈന്യത്തിനു നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാൽ അവർ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും മതകേന്ദ്രങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സുവർണ ക്ഷേത്രമായിരുന്നു. ഇതോടെ സുവർണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിച്ചു. മേയ് 8 ന് പുലർച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ഒരു വലിയ വ്യോമാക്രമണം നടത്തി. എന്നാൽ ഇന്ത്യൻ സൈന്യം പൂർണ്ണമായും സജ്ജരായിരുന്നു. പാക്കിസ്ഥാന്റെ മിസൈൽ –‍ ‍ഡ്രോൺ ഭീഷണികളെ പൂർണമായും നശിപ്പിച്ചു. സുവർണ ക്ഷേത്രത്തെ ലക്ഷ്യമിട്ട് വന്ന എല്ലാ ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടു.’’ – അദ്ദേഹം എഎൻഐയോട് പറഞ്ഞു.

ആകാശ് മിസൈൽ സിസ്റ്റം, എൽ-70 എയർ ഡിഫൻസ് ഗൺസ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പാക്കിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. അമൃത്സർ, ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയിൽ നടന്ന ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.

English Summary:

Pakistan attempted to attack the Golden Temple: India successfully thwarted a Pakistani army attack attempt on the Golden Temple in Amritsar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com