ഗവർണറുടെ തീരുമാനം തെറ്റ്, വിസിമാരെ നിയമിക്കാനുള്ള നടപടികൾ പൂർത്തിയാക്കാം; ഹർജികൾ തീർപ്പാക്കി ഹൈക്കോടതി

Mail This Article
കൊച്ചി ∙ കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ. ശിവപ്രസാദിനെ നിയമിച്ച ചാന്‍സലര്‍ കൂടിയായ ഗവർണറുടെ തീരുമാനം തെറ്റാണെന്ന് ഹൈക്കോടതി. എന്നാൽ ഈ മാസം 27ന് ഡോ. ശിവപ്രസാദിന്റെ കാലാവധി തീരുന്ന സാഹചര്യത്തിൽ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് വ്യക്തമാക്കി. സമാന രീതിയിൽ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയും കോടതി തീർപ്പാക്കി. ഡോ. സിസ തോമസിന്റെ കാലാവധിയും ഈ മാസം 27ന് അവസാനിക്കാനിരിക്കുകയാണ്. ഇരു സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള നടപടികൾ പൂർത്തിയാക്കാനും കോടതി സർക്കാരിനു നിർദേശം നൽകി.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്നപ്പോഴായിരുന്നു ഇരു സർവകലാശാലകളിലും താത്കാലിക വിസി നിയമനം നടന്നത്. സാങ്കേതിക സർവകലാശാല വിസി ചുമതല വഹിച്ചിരുന്ന ഡോ. സജി ഗോപിനാഥ് കാലാവധി പൂർത്തിയാക്കിയ ശേഷം പുതിയ വൈസ് ചാൻസലറെ കണ്ടെത്താനായി സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ ഡോ. ശിവപ്രസാദിനെ ഈ പദവിയിൽ നിയമിക്കുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ നല്‍കിയ പാനലിനു പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനമെന്നും ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നുമാണ് സർക്കാർ വാദിച്ചത്. 2023 ഫെബ്രുവരിയിൽ ഡോ. സിസ തോമസ് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടിയെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്.
സര്‍ക്കാരിന്റെ ശുപാർശ പരിഗണിച്ചു മാത്രമേ പുതിയ നിയമനം നടത്താവൂ എന്ന് കോടതി വ്യക്തമാക്കി. താൽക്കാലിക വിസിയാണെങ്കിലും യുജിസി ചട്ടങ്ങൾക്ക് അനുസൃതമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. താൽക്കാലിക വിസിമാരെ നിയമിക്കാനും തുടർന്ന് സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾക്കും കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.