ADVERTISEMENT

തിരുവനന്തപുരം∙ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ താന്‍ നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് ഏല്‍ക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ്. ശ്യാമിലിയെ മര്‍ദിച്ചിട്ടില്ലെന്നാണോ പറയുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതില്‍ എന്താണു സംശയം എന്നു ശബ്ദമുയര്‍ത്തി ബെയ്‌ലിന്‍ മറുപടി നല്‍കി. തനിക്കെതിരെ പ്രവര്‍ത്തിച്ച പ്രമുഖര്‍ ഉള്‍പ്പെടെ ഒരാളെയും വെറുതേ വിടില്ലെന്നും ബെയ്‌ലിന്‍ പറഞ്ഞു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും വിഷയത്തില്‍ കൂടുതല്‍ സംസാരിക്കുന്നത് തനിക്കു തന്നെ ദോഷമാകുമെന്നും ബെയ്‌ലിന്‍ പറഞ്ഞു. 

ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാന്‍ കഴിയില്ല. കോടതിയെ അനുസരിച്ചേ പറ്റൂ. കോടതിയുടെ അനുവാദമില്ലാതെ വാ തുറക്കാന്‍ കഴിയില്ല. മുകളില്‍ എല്ലാം കണ്ടുകൊണ്ട് ഒരാള്‍ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. നിരപരാധിത്വം തെളിയിക്കും. അതില്‍ എന്താണു സംശയം. അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍ ഉള്‍പ്പെടെ ആരായാലും എല്ലാവരും പുറത്തുവരും. ആരെയും വെറുതേവിടില്ല.- ബെയ്‌ലിന്‍ ദാസ് പറഞ്ഞു. ബാര്‍ അസോസിയേഷന്‍ സംരക്ഷിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നെന്നും ബെയ്‌ലിന്‍ പറഞ്ഞു. 

ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മേയ് 13ന് അഭിഭാഷക ഓഫിസില്‍ വച്ചു മര്‍ദിച്ചെന്ന കേസില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നാലു ദിവസമായി റിമാന്‍ഡിലായിരുന്നു ബെയ്‌ലിന്‍. 50,000 രൂപയുടെ രണ്ടു ബോണ്ട്, രണ്ടു മാസം വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയെ ബന്ധപ്പെടാനോ ശ്രമിക്കരുത്, കുറ്റകൃത്യം ആവര്‍ത്തിക്കരുത് എന്നീ ഉപാധികളോടെയാണ് ബെയ്‌ലിന്‍ ദാസിന് ജാമ്യം അനുവദിച്ചത്. ആദ്യം ശ്യാമിലി തന്നെ മര്‍ദിച്ചുവെന്നും അതു ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പിന്നീടുള്ള കാര്യങ്ങള്‍ സംഭവിച്ചതെന്നുമുള്ള വാദമാണ് പ്രതിഭാഗം ജാമ്യത്തിനായി കോടതിയില്‍ ഉന്നയിച്ചത്.

English Summary:

Lawyer Assault Case: Adv. Beylin Das, granted bail in an assault case, vehemently denies assaulting junior lawyer Shyamili. He claims self-defense and vows to expose those behind the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com