നിർമാണത്തിൽ പാളിച്ച, റോഡിൽ നേരത്തെ വിള്ളൽ; മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല: പ്രതിഷേധവുമായി നാട്ടുകാർ

Mail This Article
മലപ്പുറം ∙ ദേശീയപാതയിൽ കൂരിയാട് തകർന്നത് ഏകദേശം 600 മീറ്റർ റോഡ്. അപകടത്തിൽ സർവീസ് റോഡും ദേശീയപാതയുടെ ഭിത്തിയും തകർന്നു. റോഡിൽ വിള്ളലുണ്ടായ കാര്യം നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ദേശീയപാത നിർമാണത്തിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും കുഴിയിൽപ്പെട്ടു.
അപകടമുണ്ടായി മണിക്കൂറുകൾ ആയിട്ടും ദേശീയപാത അധികൃതർ സംഭവസ്ഥലത്ത് എത്താത്തത് പ്രതിഷേധത്തിന് വഴിയൊരുക്കി. നിർമാണത്തിലെ പാളിച്ച നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് സ്ഥലം എംഎൽഎ അബ്ദുൽ ഹമീദ് പറഞ്ഞു. എന്നാൽ എംഎൽഎയും എംപിയും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടസ്ഥലത്ത് നിന്നുമാറാൻ പ്രദേശവാസികളോട് പറഞ്ഞെങ്കിലും വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്. റോഡ് തകർന്നുണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് യാത്രക്കാർ പറയുന്നത്. കാലവർഷം അടുത്തിരിക്കെ ദേശീപാതയോട് അടുത്ത് ജീവിക്കാനും യാത്ര ചെയ്യാനും ഭയമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. സംസ്ഥാനമൊട്ടാകെ ദേശീയപാത നിർമാണം നടക്കവെ ഉണ്ടായ അപകടത്തിൽ നിന്നും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ല.