‘പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കി’; പീഡനക്കേസ് ഒതുക്കിത്തീർക്കാൻ 25 ലക്ഷം, ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

Mail This Article
തിരുവനന്തപുരം ∙ പൊലീസുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനു സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കകം തീരുമാനിക്കും. പീഡനക്കേസിൽ പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിസില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍.പിള്ള, സൈബര്‍ ഓപ്പറേഷന്‍സ് ഓഫിസ് റൈറ്റര്‍ അനു ആന്റണി എന്നിവരെയാണു കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്.
വില്‍ഫര്‍ തന്നെ പീഡിപ്പിച്ചെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഇടപെട്ട ഉദ്യോഗസ്ഥർ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ അയാളില്‍ നിന്നു പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണു നടപടി. കഴിഞ്ഞ നവംബര്‍ 16നാണ് ഉദ്യോഗസ്ഥ പീഡനത്തിനിരയായത്. വില്‍ഫറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പീഡനം സംബന്ധിച്ച വിവരമറിഞ്ഞിട്ടും മാതൃകാപരമായി തുടര്‍നിയമനടപടികള്‍ സ്വീകരിക്കുന്നതിനും നിയമസഹായം ചെയ്തുകൊടുക്കുന്നതിനും പകരം ഒത്തുതീര്‍പ്പിനായി പണം ആവശ്യപ്പെട്ടതു വഴി സ്റ്റാര്‍മോനും അനുവും ഗുരുതര കുറ്റമാണു ചെയ്തതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇരയായ പൊലീസ് ഉദ്യോഗസ്ഥയെ നിരന്തരം വിളിച്ച അനു സംഭവം ഒത്തുതീര്‍പ്പാക്കാന്‍ പലതവണ ശ്രമിച്ചു. സ്റ്റാര്‍മോന്റെയും അനുവിന്റെയും പ്രവൃത്തി പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഉദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നത് കെട്ടിച്ചമച്ച പരാതിയാണെന്നും പ്രതി വില്‍ഫര്‍ ആണ് അതിനു പിന്നിലെന്നും പീഡനത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു.