ADVERTISEMENT

നെടുമ്പാശേരി ∙ അങ്കണവാടിയിൽനിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.  എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നു പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.

അമ്മയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു പറഞ്ഞത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചിൽ ഇന്നു പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു. അമ്മയ്ക്കു മാനസിക ദൗർബല്യമുണ്ടെന്നു പൊലീസ് പറഞ്ഞു.

സംഭവിച്ചത്

വൈകിട്ട് മൂന്നരയോടെ അമ്മ മറ്റക്കുഴിയിലെ വീട്ടിൽ നിന്ന് തിരുവാങ്കുളത്തുള്ള അങ്കണവാടിയിലെത്തി കുട്ടിയെ കൂട്ടുന്നു. വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീടായ ആലുവയ്ക്കടുത്ത് കുറുമശേരിയിലേക്ക് പോകുന്നു. ഏഴു മണിയോടെ അമ്മ വീട്ടിൽ വന്നു കയറുമ്പോൾ കുട്ടി കൂടെയില്ല. കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് ആലുവയിൽ വച്ച് കാണാതായെന്ന് മറുപടി. 

വീട്ടുകാരുടെയും മറ്റും നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്ന് പരസ്പര വിരുദ്ധമായ മറുപടികൾ. എട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിക്കുന്നു. അവർ അന്വേഷണമാരംഭിക്കുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുറുമശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടത്ത് ഉപേക്ഷിച്ചെന്ന് അമ്മയുടെ മറുപടി. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിക്കുന്നു. ഇതിനിടെ, മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുന്നു. അന്വേഷണം ശക്തമാക്കുന്നു. കുട്ടിയുടെ പിതാവും സ്ഥലത്തേക്ക് എത്തിയിട്ടുള്ളതായി നാട്ടുകാർ. അമ്മയ്ക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അയൽക്കാർ.

ആലുവ ഡിവൈഎസ്പി പാലത്തിന്റെ താഴെയിറങ്ങി പരിശോധന നടത്തുന്നു. ആഴമുള്ള സ്ഥലമായതിനാൽ സ്കൂബ ടീമിനെ വിളിക്കാൻ തീരുമാനം. രാത്രി 12.45ഓടെ ആലുവയിൽ നിന്നുള്ള യു.കെ. സ്കൂബ ടീം എത്തുന്നു. ഒരു മണിയോടെ സ്കൂബ ടീം ചാലക്കുടി പുഴയിൽ തിരച്ചിൽ ആരംഭിക്കുന്നു. വെളുപ്പിനെ 2 മണിക്കു ശേഷവും തിരച്ചിൽ തുടരുന്നു. വെള്ളത്തിനടയിൽ കിടക്കുന്ന മരക്കഷ്ണങ്ങളും മഴയും ഇരുട്ടും തിരച്ചിലിന് വെല്ലുവിളി. വെളുപ്പിനെ 2 മണിയോടെ ഫയർ ഫോഴ്സിന്റെ സ്കൂബ ടീമും രംഗത്ത്. അവർ വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയ സമയത്തു തന്നെ ആലുവയിൽ നിന്നുള്ള സ്കൂബ സംഘത്തിന്റെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. 

അമ്മ കുട്ടിയുമായി സഞ്ചരിച്ച വഴി

കുട്ടിയുമായി അമ്മ സഞ്ചരിച്ചതിനെക്കുറിച്ചുള്ള അനുമാനം ഇങ്ങനെയാണ്. 3.30ഓടെ തിരുവാങ്കുളത്തു നിന്ന് ബസിൽ കയറി ആലുവയിലേക്ക്. ആലുവയിൽ ഇറങ്ങിയ ശേഷം ഓട്ടോയിൽ കുറുമശേരിയിലേക്ക്. അവിടെ നിന്ന് ബസിൽ മൂഴിക്കുളത്തേക്ക്. അവിടെ വരെ കുട്ടിയുമായി എത്തിയ അമ്മയുടെ സിസി ടിവി ദൃശ്യങ്ങൾ. തിരികെ കുട്ടിയില്ലാതെ മൂഴിക്കുളത്തു നിന്ന് കുറുമശേരിയിലേക്ക്. പാലത്തിന്റെ ഭാഗത്തു നിന്ന് നടന്നാണോ വാഹനത്തിലാണോ വന്നത് എന്നത് ഉറപ്പില്ല. കുറുമശേരിയിൽ നിന്ന് വൈകിട്ട് ആറരയോടെ ഓട്ടോയിൽ ഒന്നര കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക്.

English Summary:

Three-Year-Old Girl Missing in Thiruvankulam: Missing three-year-old Kalyani, from Thiruvankulam, disappeared while traveling on a bus. Police have launched a search and are reviewing CCTV footage from the bus and surrounding areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com