ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍, വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കി. പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിഷയത്തില്‍ മന്ത്രി ഒ.ആര്‍.കേളു പൊലീസിനോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 

സിവില്‍ പൊലീസ് ഓഫിസറായ പ്രസന്നനാണ് ഏറ്റവും കൂടുതല്‍ മാനസികമായി പീഡിപ്പിച്ചതെന്ന് പരാതിക്കാരിയായ ബിന്ദു പറയുന്നു. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാന്‍ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും ബിന്ദു വ്യക്തമാക്കി. രാത്രി മുഴുവന്‍ ചോദ്യം ചെയ്തുവെന്നും കുടിക്കാന്‍ തുള്ളിവെള്ളം പോലും നല്‍കിയില്ലെന്നും കണ്ണിരോടെ ബിന്ദു പറയുന്നു. പെണ്‍മക്കളെ രണ്ടുപേരെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ നിറവും ജാതിയുമാണ് ക്രൂരമായ പീഡനത്തിനു കാരണമായതെന്നും ബിന്ദു കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും ബിന്ദു ആരോപണം ഉന്നയിച്ചു. പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ കോടതിയില്‍ പോകാനാണ് നിര്‍ദേശിച്ചത്. പി.ശശി പരാതി വാങ്ങി മേശപ്പുറത്തേക്കിട്ടുവെന്നും വായിച്ചു നോക്കാന്‍ പോലും തയാറായില്ലെന്നും ബിന്ദു പറയുന്നു. വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കും അതിന് ഇവിടെ പരാതിപ്പെട്ടിട്ടു കാര്യമില്ലെന്നും മറുപടി നല്‍കി. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനും പി.ശശി ആവശ്യപ്പെട്ടുവെന്ന് ബിന്ദു പറയുന്നു. അഭിഭാഷകനൊപ്പമാണ് പരാതി നല്‍കാന്‍ പോയതെന്നും ബിന്ദു വ്യക്തമാക്കി. അതേസമയം, പരാതിയെ ഗൗരവത്തോടെയാണ് സമീപിച്ചതെന്നും പൊലീസുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശിച്ചുവെന്നും പി.ശശി പ്രതികരിച്ചു.

അതേസമയം, അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് മന്ത്രി ഒ.ആർ കേളു. കേരളത്തിൽ വെള്ളം പോലും കൊടുക്കാതെ ഒരാളെ ചോദ്യം ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. വ്യക്തമായ അന്വേഷണം നടത്തിയാൽ മാത്രമെ വ്യക്തമായി ഇക്കാര്യങ്ങൾ പറയാൻ സാധിക്കുകയൂള്ളൂവെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ മാസം 23ന് പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനിലാണ് സംഭവം ഉണ്ടായത്. പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ ആര്‍.ബിന്ദു ജോലിക്കു നിന്ന അമ്പലമുക്കിലെ വീട്ടില്‍നിന്ന് രണ്ടര പവന്‍ തൂക്കമുള്ള മാല മോഷണം പോയതായി ഉടമ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തി വെള്ളം പോലും നല്‍കാതെ ചോദ്യം ചെയ്യുകയായിരുന്നു. വസ്ത്രമഴിച്ചു ദേഹപരിശോധനയും വീട്ടില്‍ തിരച്ചിലും നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. പുലര്‍ച്ചെ 3.30 വരെ ഒരു പൊലീസുകാരന്‍ അസഭ്യവാക്കുകളോടെ ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ ഭര്‍ത്താവും മക്കളും അടക്കം അകത്താകും എന്നു ഭീഷണിപ്പെടുത്തി. ബന്ധുക്കള്‍ ഭക്ഷണം എത്തിച്ചെങ്കിലും കൊടുക്കാൻ സമ്മതിച്ചില്ല. വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ കയറി കുടിക്കാന്‍ പറഞ്ഞു. മാല എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും പീഡനം തുടര്‍ന്നുവെന്ന് ബിന്ദു പറഞ്ഞു. വനിതാ പൊലീസിനെ കൊണ്ടു വസ്ത്രം അഴിച്ചു പരിശോധിച്ചു. എസ്‌ഐ ഉള്‍പ്പെടെ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങി. 

രാത്രി എട്ടരയോടെ പരാതിക്കാരിയുടെ കാറില്‍ പൊലീസ് സംഘം പനയമുട്ടത്തെ വീട്ടില്‍ തിരച്ചിലിനായി കൊണ്ടുപോയി. തൊണ്ടിമുതല്‍ കിട്ടാഞ്ഞതോടെ തിരികെ സ്റ്റേഷനില്‍ കൊണ്ടുപോയി. കസ്റ്റഡി വിവരം കസ്റ്റഡിയിലെടുക്കപ്പെട്ടയാള്‍ ആവശ്യപ്പെടുന്നവരെ അറിയിക്കണമെന്നാണ് നിയമം. ബിന്ദു കേണപേക്ഷിച്ചിട്ടും വീട്ടിലറിയിച്ചില്ല. 24ന് ഉച്ചവരെ കസ്റ്റഡിയിലായിരുന്നു. ഒടുവില്‍, സ്വര്‍ണമാല ഉടമയുടെ വീട്ടില്‍ തന്നെ കണ്ടെത്തുകയായിരുന്നു. 24ന് ഉച്ചയോടെ പരാതിക്കാരി സ്റ്റേഷനിലെത്തി എസ്‌ഐയോടു മാല കിട്ടിയ കാര്യം പറഞ്ഞു. എന്നാല്‍ അക്കാര്യം തന്നോടു പറയാതെ പരാതിക്കാരി പറഞ്ഞതിനാല്‍ വിട്ടയയ്ക്കുന്നു എന്നും ഇനി കവടിയാര്‍ അമ്പലമുക്ക് ഭാഗങ്ങളില്‍ കാണരുതെന്നും പൊലീസ് പറഞ്ഞുവെന്നും ബിന്ദു പറഞ്ഞു. സ്വര്‍ണമാല ഉടമയുടെ വീട്ടില്‍ തന്നെ കണ്ടെത്തിയെങ്കിലും ബിന്ദുവിനെതിരെയുള്ള എഫ്‌ഐആര്‍ പൊലീസ് റദ്ദാക്കിയിരുന്നില്ല. ഇതോടെയാണ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ബിന്ദു പരാതി നൽകിയത്. കൂലിവേലക്കാരനായ ഭര്‍ത്താവും പ്ലസ്ടുവിനും പത്തിലും പഠിക്കുന്ന 2 മക്കളും അടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം. നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും ജോലി ചെയ്തു ലഭിക്കുന്ന വരുമാനമാണ് ബിന്ദുവിന്റെ ആശ്രയം.

English Summary:

Dalit woman alleges police torture: A Dalit woman in Thiruvananthapuram, Kerala, claims she endured 20 hours of mental torture by police after being accused of stealing a gold necklace. The incident has prompted investigations and calls for accountability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com