ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ 20 മണിക്കൂറോളം മാനസിക പീഡനത്തിന് ഇരയായ ദലിത് യുവതി ബിന്ദു കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട എസ്‌ഐ എസ്.ജെ.പ്രസാദ് ബാബുവിനെ സിറ്റി പൊലീസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 25 ദിവസത്തിനു ശേഷം മുഖം രക്ഷിക്കാന്‍ പൊലീസ് എടുത്ത നടപടിയില്‍ തൃപ്തിയില്ലെന്ന് ബിന്ദു പറഞ്ഞു. തന്നെ ഏറ്റവും കൂടുതല്‍ മാനസികമായി പീഡിപ്പിച്ച രണ്ടു പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു. ‘‘കുറ്റക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടണമെന്നാണ് എന്റെ ആഗ്രഹം. അത്രത്തോളം അവര്‍ എന്നെ ഉപദ്രവിച്ചു. പ്രസന്നന്‍ എന്ന ഉദ്യോഗസ്ഥനെ ഒരു സ്‌റ്റേഷനിലും ഇരുത്താൻ പാടില്ല. കള്ളക്കേസ് കൊടുത്ത് മാനസികമായി ദ്രോഹിച്ച വീട്ടുടമ ഓമന ഡാനിയേലിന് എതിരെ നിയമപരമായി നീങ്ങും.’’ - ബിന്ദു പറഞ്ഞു.

അതിനിടെ, വിഷയത്തില്‍ വനിതാ കമ്മിഷന്‍ ജില്ലാ പൊലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി. പേരൂര്‍ക്കട പൊലീസിന്റേത് പ്രാകൃത നടപടിയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ സതീദേവി പറഞ്ഞു. പഴയ പൊലീസ് മുറയൊന്നും ഇപ്പോള്‍ പ്രയോഗിക്കേണ്ട കാര്യമില്ല. കുടുംബത്തെ മുഴുവന്‍ അപമാനിക്കുന്ന സാഹചര്യമാണുണ്ടായത്. കുറ്റക്കാരെ മുഴുവന്‍ കണ്ടെത്തി നടപടിയെടുക്കണം. കള്ളപ്പരാതി ഏതു സാഹചര്യത്തിലാണ് നല്‍കിയതെന്നും മാല എങ്ങനെയാണ് തിരിച്ചുകിട്ടിയതെന്നും അന്വേഷിക്കണമെന്നും സതീദേവി പറഞ്ഞു.

സംഭവത്തില്‍ തുടരന്വേഷണത്തിന്, ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയേക്കും. മോഷണം പോയെന്നു പറഞ്ഞ മാല ചവറ്റുകുട്ടയില്‍നിന്ന് ലഭിച്ചതെങ്ങനെയാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. പരാതിയില്‍ പറഞ്ഞ ഗ്രേഡ് എഎസ്‌ഐക്കെതിരെയും നടപടിയുണ്ടാകുമെന്ന് കമ്മിഷണര്‍ തോംസണ്‍ ജോസ് അറിയിച്ചു. അന്വേഷണത്തിന് കന്റോണ്‍മെന്റ് എസിപിയെ ചുമതലപ്പെടുത്തി. സ്റ്റേഷനിലെ സിസിടിവി പരിശോധിക്കും. മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വീട്ടുജോലിക്കാരിയായ പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്‍.ബിന്ദുവിനെതിരെ മോഷണക്കുറ്റം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയലാണ് പരാതി നല്‍കിയത്. മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18ന് ആണെങ്കിലും പരാതി നല്‍കിയത് 23ന് ആയിരുന്നു. 23ന് കസ്റ്റഡിയില്‍ എടുത്ത ബിന്ദുവിനെ ഭക്ഷണവും വെള്ളവും പോലും നല്‍കാതെ പിറ്റേന്ന് ഉച്ചവരെ സ്‌റ്റേഷനില്‍ വച്ചു ചോദ്യം ചെയ്തു. പരാതിക്കാരിയുടെ വീട് പരിശോധിക്കാതെയാണ് പൊലീസ് നടപടിയെടുത്തതെന്ന് സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണം നടന്നെന്ന് ഉറപ്പാക്കാതെയും സ്ഥലം പരിശോധിക്കാതെയും ബിന്ദു പ്രതിയാണെന്ന് തീരുമാനിച്ച് പൊലീസ് അസഭ്യവര്‍ഷം നടത്തി. കുറ്റം സമ്മതിച്ചില്ലെങ്കില്‍ രണ്ട് പെണ്‍മക്കളെയും പ്രതികളാക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. രാത്രി കസ്റ്റഡിയില്‍ വയ്‌ക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ, സ്റ്റേഷനില്‍ നിര്‍ത്തി. വീട്ടിലെ ചവറ്റുകുട്ടയില്‍നിന്ന് മാല കിട്ടിയ കാര്യം പിറ്റേന്നു രാവിലെതന്നെ പരാതിക്കാരി പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ബിന്ദുവിനെ അറിയിച്ചില്ല. 11 മണിക്കു ബന്ധുക്കള്‍ വന്നതിനു ശേഷമാണ് പൊലീസ് ബിന്ദുവിനെ വിട്ടയച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും അവഗണിക്കുകയായിരുന്നുവെന്ന് ബിന്ദു പിന്നീട് ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് തിടുക്കത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സസ്പെൻഷനിലായ എഐ എസ്.ജെ.പ്രസാദിനു പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി വീഴ്ച വ്യക്തമായിട്ടുണ്ട്. അനധികൃതമായി കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ ചോദ്യം ചെയ്യുകയും രാത്രിയിൽ തെളിവെടുപ്പിനു കൊണ്ടുപോവുകയും ചെയ്ത രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായേക്കും. മോഷണക്കേസിലെ നടപടികൾ ലംഘിച്ചെന്നു മാത്രമല്ല, മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

ജാതിവെറി ഉള്ളിലുള്ളതുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥർ തന്റെ ഭാര്യയോട് ഇത്രയും ക്രൂരമായി പെരുമാറിയതെന്ന് ബിന്ദുവിന്റെ ഭർത്താവ് പ്രദീപ് പ്രതികരിച്ചു. കൊലപാതകം ചെയ്യുന്നവർക്കു പൊറോട്ടയും ചിക്കനും വാങ്ങിക്കൊടുക്കുകയും പാവപ്പെട്ട ഒരു സ്ത്രീയോട് ശുചിമുറിയിൽ പോയി വെള്ളം കുടിക്കാൻ പറയുകയും ചെയ്യുന്നതിൽ എന്തു നീതിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അമ്മയ്ക്കു നീതി കിട്ടും വരെ പോരാടുമെന്ന് ബിന്ദുവിന്റെ മക്കൾ പറഞ്ഞു.

English Summary:

Bindu's Fight for Justice : Two more police officers are found guilty of torturing Dalit youth Bindu at Peroorkada station after falsely implicating her in a theft. The investigation revealed police misconduct and caste discrimination, with Bindu demanding justice and pursuing legal action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com