ADVERTISEMENT

തിരുവനന്തപുരം∙ ഈ സര്‍ക്കാര്‍ തുടരുമെന്നും നാലാം വാര്‍ഷികാഘോഷത്തിന് അലയടിച്ചെത്തുന്ന ജനസാഗരം അതിനു തെളിവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ ഭിന്നിപ്പിക്കുന്ന ശക്തികളെ അവഗണിച്ച് ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ നാടിനായി നില്‍ക്കേണ്ടവര്‍ പലരും നമുക്കെതിരെ നിന്നു. വര്‍ഗീയ ശക്തികള്‍ ഭിന്നതകള്‍ സൃഷ്ടിച്ച് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഓരോ ആപല്‍ഘട്ടങ്ങളേയും ജനകീയ ജനാധിപത്യത്തിന്റെ മഹാമാതൃകകള്‍ ഉയര്‍ത്തി ജനങ്ങളും സര്‍ക്കാരും ഒന്നിച്ചു നിന്നു നേരിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് നാലു വർഷം പൂർത്തിയാവുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും എന്നത് കണക്കിലെടുക്കുമ്പോൾ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും നവയുഗം പത്താമത്തെ വർഷത്തിലേയ്ക്ക്  കടക്കുകയാണെന്ന് പറയാം. 2016ൽ അധികാരമേൽക്കുമ്പോൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ സാധിക്കുന്ന അഭിമാനത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് ഈ വാർഷികത്തെ എതിരേൽക്കുന്നത്. 

അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയ വികസനപദ്ധതികൾ യാഥാർഥ്യമാക്കിയും വീടും ഭൂമിയും ഭക്ഷണവും ആരോഗ്യവും ഉൾപ്പെടെ ജനജീവിതത്തിന്റെ ഓരോ തലത്തിലും ക്ഷേമം ഉറപ്പുവരുത്തിയുമാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരികളും നമുക്കു മുന്നിൽ വെല്ലുവിളികളുയർത്തി. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ നാടിനായി നിൽക്കേണ്ടവർ പലരും നമുക്കെതിരെ നിന്നു. വർഗീയ ശക്തികൾ ഭിന്നതകൾ സൃഷ്ടിച്ച് ദുർബലപ്പെടുത്താൻ ശ്രമിച്ചു. 

എന്നാൽ ഓരോ ആപൽഘട്ടങ്ങളേയും ജനകീയ ജനാധിപത്യത്തിന്റെ മഹാമാതൃകകൾ ഉയർത്തി ജനങ്ങളും സർക്കാരും ഒന്നിച്ചു നിന്നു നേരിട്ടു. ജീവിതനിലവാര സൂചികകളിൽ മാത്രമല്ല വ്യവസായ സൗഹൃദാന്തരീക്ഷത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കുമെന്ന് തെളിയിച്ചു. പശ്ചാത്തലസൗകര്യം, വ്യവസായം, സ്റ്റാർട്ടപ്പ്, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകൾ, പൊതുആരോഗ്യ രംഗം, കൃഷി, ടൂറിസം, ഭക്ഷ്യപൊതുവിതരണം, ഭൂവിതരണം, ജനക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാ രംഗങ്ങളിലും അഭൂതപൂർവമായ വളർച്ച ഇക്കാലയളവിൽ കേരളം കൈവരിച്ചു. എണ്ണമറ്റ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നമ്മെ തേടിയെത്തി. 

ഈ നേട്ടങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ഈ സർക്കാർ അഞ്ചാമത്തെ വർഷത്തിലേയ്ക്ക് കടക്കുന്നത്. നാടിനെ ഭിന്നിപ്പിക്കുന്ന ശക്തികളെ അവഗണിച്ച് ജനങ്ങളും ഒറ്റക്കെട്ടായി സർക്കാരിനൊപ്പം നിൽക്കുകയാണ്. ഓരോ വാർഷികാഘോഷ വേദിയിലും അലയടിച്ചെത്തുന്ന ജനസാഗരം ഈ സർക്കാർ തുടരുമെന്നുള്ള ഉറച്ച പ്രഖ്യാപനമായി മാറുകയാണ്. ജനങ്ങൾ അർപ്പിച്ച വിശ്വാസവും അവരുടെ പിന്തുണയും ഊർജവും പ്രചോദനവുമാക്കി അവർക്കു നൽകിയ വാക്കു പാലിക്കാൻ പ്രതിബദ്ധതയോടെ സർക്കാർ മുന്നോട്ടു പോകും. ഈ വാർഷികാഘോഷ വേളയിൽ നാടിനു നന്ദി പറയുകയാണ്. പ്രിയ ജനതയ്ക്ക് അഭിവാദ്യങ്ങൾ.

English Summary:

Pinarayi Vijayan: Kerala's LDF government celebrates its fourth anniversary, highlighting achievements in development, social progress, and crisis management. The government expresses gratitude for the people's unwavering support.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com