‘കുട്ടിയെ എന്തോ ചെയ്തെന്ന് മനസ്സിലായിരുന്നു, അത്തരം എടുത്തു ചാട്ടങ്ങൾ അവൾക്കുണ്ട്; കൊല്ലുമെന്ന് കരുതിയില്ല’

Mail This Article
കൊച്ചി ∙ തിരുവാങ്കുളത്ത് മകളെ കൊലപ്പെടുത്തിയ യുവതിക്ക് മാനസിക ബുദ്ധിമുട്ടില്ലായിരുന്നുവെന്ന് അമ്മ. യുവതിയെ ഭർത്താവ് തല്ലുമായിരുന്നുവെന്നും അമ്മ പറഞ്ഞു. ‘‘ഭർത്താവ് തല്ലുമ്പോൾ അവൾ എടുത്തുചാടി എന്തെങ്കിലും പറയും, പിന്നാലെ വീണ്ടും ഭർത്താവ് കരണത്ത് അടിക്കും. ആറാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടി ഉൾപ്പെടെ രണ്ട് കുട്ടികളാണ് അവൾക്കുള്ളത്. അവൾ നോർമൽ ആണോയെന്ന് അറിയാൻ സർട്ടിഫിക്കറ്റ് വേണമെന്ന് ഭർത്താവിന്റെ അമ്മയും അയൽക്കാരും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ദേഷ്യം വരുമ്പോൾ അവൾക്ക് എന്തോ പ്രശ്നമുണ്ടെന്ന സംശയം അവർക്കുണ്ടായിരുന്നു. പിന്നാലെയാണ് സർട്ടിഫിക്കറ്റ് ചോദിച്ചത്. എന്നാൽ ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.
അവൾക്ക് ഇത്തിരി ബുദ്ധി കുറവുണ്ട്. പഠിക്കുന്ന സമയത്ത് കാര്യങ്ങൾ മനസിലാക്കാൻ സമയമെടുക്കുമെന്ന് അധ്യാപകർ പറയുമായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് അവൾ പറഞ്ഞപ്പോൾ തന്നെ കള്ളത്തരമാണെന്ന് മനസ്സിലായിരുന്നു. കുട്ടിയെ എന്തോ അവൾ ചെയ്തെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു. അത്തരം എടുത്തുചാട്ടങ്ങളുണ്ട്. എന്നാലും കൊല ചെയ്യുമെന്ന് കരുതിയില്ല. കുഞ്ഞിനെ കണ്ട് കൊതി മാറിയിട്ടില്ല’’– യുവതിയുടെ അമ്മ പറഞ്ഞു.
അവളുടെ വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ചോദിച്ച് അറിയട്ടെ എന്നു പറഞ്ഞാണ് അവളെ പൊലീസ് കൊണ്ടുപോയത്. വീട്ടുകാർ ആരും കൂടെ പോയില്ലെന്നും അമ്മ പറഞ്ഞു.